ഭീകരതക്കെതിരെ സഹകരണം ശക്തമാക്കുമെന്ന് ഇന്ത്യയും ആസിയാൻ രാജ്യങ്ങളും
text_fieldsനൊംപെൻ: തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കാനും ഭീകരതക്കെതിരായ സഹകരണം ശക്തമാക്കാനും ഇന്ത്യയും ആസിയാൻ രാജ്യങ്ങളും പ്രതിജ്ഞയെടുത്തു. തെക്കുകിഴക്കൻ ഏഷ്യയും ഇന്ത്യയും തമ്മിലുള്ള സമുദ്രബന്ധം, സാംസ്കാരിക വിനിമയം എന്നിവ വളർന്നുവെന്ന് സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഡിജിറ്റൽ, സൈബർ സുരക്ഷ, കൃഷി, പൊതുജനാരോഗ്യം, ബഹിരാകാശം എന്നിവയിലും സഹകരണം മെച്ചപ്പെടുത്തും. കോവിഡ് മഹാമാരി ഗുരുതരമായി ബാധിച്ച ടൂറിസത്തെയും അനുബന്ധ വ്യവസായങ്ങളെയും പുനരുജ്ജീവിപ്പിക്കും. 19ാമത് ആസിയാൻ- ഇന്ത്യ ഉച്ചകോടി കംബോഡിയൻ പ്രധാനമന്ത്രി ഹുൻ സെൻ ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കംബോഡിയയിലാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ.
ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നതിനുമുമ്പ്, മാനവ വിഭവശേഷി, കുഴിബോംബുകൾ നീക്കൽ, വികസന പദ്ധതികൾ എന്നിവയടക്കം ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്ന വഴികൾ ധൻഖറും കംബോഡിയൻ പ്രധാനമന്ത്രി ഹുൻ സെന്നും ചർച്ച നടത്തി. ഉച്ചകോടിക്കിടെ സംസ്കാരം, വന്യജീവി, ആരോഗ്യം എന്നീ മേഖലകളിലെ നാല് കരാറുകളിലും ഒപ്പുവെച്ചു. അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസിന്റെ (ആസിയാൻ) നിലവിലെ അധ്യക്ഷർ എന്ന നിലയിലാണ് കംബോഡിയ ഉച്ചകോടികൾക്ക് ആതിഥേയത്വം വഹിക്കുന്നത്. ആസിയാൻ കൂട്ടായ്മ രൂപവത്കരിച്ചതിന്റെ 30ാം വാർഷിക ഉച്ചകോടിയാണ് ശനിയാഴ്ച നടന്നത്. ആസിയാൻ-ഇന്ത്യ സൗഹൃദ വർഷാഘോഷവുമാണ്. നവംബർ 13ന് പത്ത് ആസിയാൻ അംഗരാജ്യങ്ങളും എട്ട് പങ്കാളികളും ഉൾപ്പെടുന്ന 17ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയിലും ധൻഖർ പങ്കെടുക്കും. ഇതിൽ സമുദ്ര സുരക്ഷ, തീവ്രവാദം, ആണവായുധ നിർവ്യാപനം എന്നിവ ചർച്ച ചെയ്യും.
അതേസമയം, ആസിയാനുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ദക്ഷിണ ചൈന കടൽ മുതൽ മ്യാൻമർ വരെയുള്ള വെല്ലുവിളികൾ പരിഹരിക്കാനും മേഖലയിലുടനീളം സമാധാനത്തിനും പ്രവർത്തനം തുടരാൻ ആഗ്രഹിക്കുന്നതായി ബൈഡൻ പറഞ്ഞു. ഒരു യു.എസ് പ്രസിഡന്റ് നടത്തുന്ന രണ്ടാമത്തെ കംബോഡിയ സന്ദർശനമാണിത്. കംബോഡിയൻ പ്രധാനമന്ത്രി ഹുൻ സെന്നുമായി കൂടിക്കാഴ്ചയും നടത്തി. മ്യാൻമറിൽ ജനാധിപത്യം തിരിച്ചുകൊണ്ടുവരാൻ യു.എസ് പ്രതിജ്ഞാബദ്ധമാണെന്ന് കൂടിക്കാഴ്ചയിൽ ബൈഡൻ അറിയിച്ചു. ബാലിയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്ക് പുറപ്പെടുന്നതിന് മുമ്പ് ഞായറാഴ്ച ദക്ഷിണ കൊറിയ, ജപ്പാൻ നേതാക്കളുമായുള്ള കൂടിക്കാഴ്ചയും നടത്തുന്ന ബൈഡൻ കിഴക്കൻ ഏഷ്യ ഉച്ചകോടിയിലും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.