നിജ്ജാർ വധത്തിന് തെളിവ് ചോദിച്ച് ഇന്ത്യ; ഖലിസ്താനികൾക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യം
text_fieldsന്യൂഡൽഹി: ഹർദീപ് സിങ് നിജ്ജാർ വധത്തിന് തെളിവ് ചോദിച്ച് ഇന്ത്യ. നിജ്ജാർ വധത്തിൽ ഒരു തെളിവുകളും ഹാജരാക്കാതെയാണ് ജസ്റ്റിൻ ട്രൂഡോ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഇന്ത്യ ആരോപിച്ചു. ഇക്കാര്യത്തിൽ ഇന്ത്യക്കാരെ കുടുക്കാൻ രാഷ്ട്രീയനിർദേശങ്ങൾ കൂടി കാനഡ സർക്കാർ അന്വേഷണസംഘത്തിന് നൽകിയെന്നും ഇന്ത്യ ആരോപിക്കുന്നു.
ട്രൂഡോ സർക്കാറിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരേയും നയതന്ത്ര പ്രതിനിധികളേയും കേന്ദ്രസർക്കാർ ഈ നിലപാട് അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ക്രിമിനൽ നിയമത്തെ രാഷ്ട്രീയലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണ് ട്രൂഡോ സർക്കാർ ചെയ്യുന്നതെന്നും കേന്ദ്രസർക്കാർ കുറ്റപ്പെടുത്തിയിട്ടുണ്ട്.
ലാവോസിൽ നടന്ന ആസിയാൻ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും തമ്മിൽ കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ, പിന്നീട് ഇന്ത്യ സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ കാര്യമായ ചർച്ചകളൊന്നും ഇരു നേതാക്കളും തമ്മിൽ നടന്നിരുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുടെ ഉദ്യോഗസ്ഥർ കേസിൽ രാജ്യത്തിന് ഒന്നും മറക്കാനില്ലെന്ന് അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇന്ത്യയെ അപമാനിക്കാനിടയായ സാഹചര്യം വിശദീകരിക്കണമെന്നും കാനഡയോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. 2023 ജൂൺ 18നാണ് സർറിയിലെ ഗുരുദ്വാരക്ക് പുറത്ത് കാനഡ പൗരനായ നിജ്ജാർ വെടിയേറ്റു മരിച്ചത്. സംഭവം ഇരുരാജ്യങ്ങൾക്കുമിടയിൽ കടുത്ത നയതന്ത്ര പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.