രാജപക്സക്ക് രാജ്യം വിടാൻ സഹായം നൽകിയെന്നത് അടിസ്ഥാന രഹിതം; ഇന്ത്യ ലങ്കൻ ജനതക്കൊപ്പം - ഹൈകമ്മീഷണർ
text_fieldsകൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് ഗോടബയ രാജപക്സക്ക് രാജ്യം വിടാൻ ഇന്ത്യ സഹായം നൽകിയെന്ന വാർത്തകൾ തള്ളി ശ്രീലങ്കയിലെ ഇന്ത്യൻ ഹൈകമ്മീഷൻ. വാർത്തകൾ അടിസ്ഥാനമില്ലാത്തതും ഊഹാപോഹം നിറഞ്ഞതുമാണെന്ന് ഹൈകമ്മീഷണർ പറഞ്ഞു.
ശ്രീലങ്കക്ക് പുറത്തു കടക്കാൻ ഗോടബയ രാജപക്സക്ക് ഇന്ത്യ സഹായം ചെയ്തുവെന്ന മാധ്യമ വാർത്തകൾ അടിസ്ഥാന രഹിതവും ഊഹാപോഹവും മാത്രമാണ്. വാർത്ത നിഷേധിക്കുന്നു - ശ്രീലങ്കയിലെ ഇന്ത്യൻ ഹൈകമ്മീഷണർ ട്വീറ്റ് ചെയ്തു. ജനാധിപത്യ മാർഗങ്ങളിലൂടെതന്നെ, ജനാധിപത്യ സ്ഥാപനങ്ങളിലൂടെയും ഭരണഘടനാ ചട്ടക്കൂടിലൂടെയും സമൃദ്ധിക്കും പുരോഗതിക്കും വേണ്ടി ശ്രമിക്കുന്ന ശ്രീലങ്കയിലെ ജനങ്ങൾക്ക് ഇന്ത്യ തുടർന്നും പിന്തുണ നൽകുമെന്ന് ആവർത്തിക്കുന്നുവെന്നും ട്വീറ്റിൽ പറയുന്നു.
അതേസമയം, ജനകീയ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടതിനെ തുടർന്ന് കൊട്ടാരം വിട്ട് ഒളിവിൽ പോയ ശ്രീലങ്കൻ പ്രസിഡന്റ് ഗോടബയ രാജപക്സ മാലദ്വീപിലേക്ക് കടന്നുവെന്നാണ് റിപ്പോർട്ടുകൾ. ഭാര്യയും അംഗരക്ഷകരും ഉൾപ്പെടെ നാലുപേർ മാലദ്വീപിലെത്തിയതായാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. സൈനിക വിമാനത്തിലാണ് ഇവർ മാലദ്വീപിലെത്തിയത്. രാജിക്ക് ശേഷം അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനാണ് പ്രസിഡന്‍റ് രാജ്യം വിട്ടത്.
വിദേശരാജ്യത്തേക്ക് രക്ഷപ്പെടാൻ ചൊവ്വാഴ്ച കൊളംബൊ വിമാനത്താവളത്തിലെത്തിയ ഗോടബയയെയും ഭാര്യയേയും എമിഗ്രേഷൻ അധികൃതർ തടഞ്ഞ് തിരിച്ചയച്ചിരുന്നു. തുടർന്ന് കടൽ മാർഗം രക്ഷപ്പെടാൻ നാവിക സേനയുടെ സഹായം തേടി. പട്രോൾ ബോട്ടിൽ മാലദ്വീപിലോ ഇന്ത്യയിലോ എത്തിയശേഷം ദുബൈക്ക് കടക്കാനായിരുന്നു നീക്കം. ഇതും ഫലം കണ്ടിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.