‘യു.എൻ രക്ഷാസമിതി പുനഃസംഘടിപ്പിക്കണം’; സ്ഥിരാംഗത്വം വേണമെന്ന ആവശ്യം ശക്തമാക്കി ഇന്ത്യ
text_fieldsന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി പുനഃസംഘടിപ്പിക്കണമെന്നും പതിറ്റാണ്ടുകളായി ഇക്കാര്യത്തിൽ ചർച്ച നടക്കുന്നുണ്ടെങ്കിലും 1965നു ശേഷം യാതൊരു മാറ്റവും വന്നിട്ടില്ലെന്നും യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവതനേനി ഹരീഷ് പറഞ്ഞു. ഗ്ലോബൽ സൗത്തിൽനിന്നുള്ള അംഗമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വം രക്ഷാസമിതിക്ക് മാത്രമല്ല, യു.എന്നിനാകെ ഗുണപ്രദമാകും. അന്താരാഷ്ട്ര സുരക്ഷയും സമാധാനവും ലക്ഷ്യമിടുന്ന രക്ഷാസമിതി ഇന്നത്തെ ഭൗമരാഷ്ട്രീയ സാഹചര്യത്തിൽ പലപ്പോഴും മരവിച്ച അവസ്ഥയിലാണെന്നും ഇതിൽ മാറ്റം വരാൻ ഇന്ത്യയുടെ സ്ഥിരാംഗത്വം പ്രധാനമെന്നും ഹരീഷ് ചൂണ്ടിക്കാണിച്ചു. ന്യൂയോർക്കിൽ പൊതുസഭയുടെ പ്ലീനറി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ആഗോള രാഷ്ട്രീയം ഏറെ മാറ്റങ്ങൾക്ക് വിധേയമായ പശ്ചാത്തലത്തിൽ യു.എന്നിന്റെ രക്ഷാസമിതി പുനഃസംഘടിപ്പിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. പ്രത്യേക പ്രാധാന്യം നൽകേണ്ട വിഷയമാണിത്. പതിറ്റാണ്ടുകളായി ഇതിനായി ആവശ്യമുയരുന്നുണ്ട്. എന്നാൽ 1965ൽ താൽക്കാലിക അംഗങ്ങളുടെ എണ്ണം കൂട്ടിയതല്ലാതെ ഇതിൽ മാറ്റങ്ങളൊന്നും വന്നിട്ടില്ല. ഗ്ലോബൽ സൗത്തിൽനിന്നുള്ള അംഗമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വം സമിതിക്ക് മാത്രമല്ല, യു.എന്നിനാകെ ഗുണപ്രദമാകും. ഇന്ത്യക്ക് വലിയ മാറ്റങ്ങൾ കൊണ്ടുവരാനാകും. കഴിഞ്ഞ വർഷം ജി20 ആധ്യക്ഷം വഹിച്ച ഇന്ത്യ ആഫ്രിക്കൻ യൂണിയനെ കൂട്ടായ്മയിലെ അംഗമാക്കി. വലിയ മാറ്റം സാധ്യമാണെന്ന് ഇതിലൂടെ കാണാനാവും.
അടുത്ത വർഷം യു.എൻ സ്ഥാപിതമായി 80 വർഷം പൂർത്തിയാക്കും. അന്താരാഷ്ട്ര സുരക്ഷയും സമാധാനവും ലക്ഷ്യമിടുന്ന രക്ഷാസമിതി ഇന്നത്തെ ഭൗമരാഷ്ട്രീയ സാഹചര്യത്തിൽ പലപ്പോഴും മരവിച്ച അവസ്ഥയിലാണ്. 1945ലെ സ്ഥിതിയല്ല ഇന്നത്തേത്. ഭാവിയുടെ ആവശ്യത്തെ മനസ്സിലാക്കി വേണം നാം മുന്നോട്ടുപോകാൻ. സഹകരണവും എല്ലാവരെയും ഉൾക്കൊള്ളുകയും ചെയ്യുന്ന സമീപനമാണ് ഇന്ത്യയുടെ വിദേശനയത്തിലുള്ളത്. ഇന്ത്യയെ സ്ഥിരാംഗമാക്കുന്നതിലൂടെ രക്ഷാകൗൺസിലിന് ഇനിയുമേറെ മുന്നേറാനാകും. ഭൂരിക്ഷാഭിപ്രായം മാനിച്ച് ഇക്കാര്യത്തിൽ തീരുമാനം സ്വീകരിക്കണം” -പർവതനേനി ഹരീഷ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.