യു.എസിനെ ‘ദ്രോഹിക്കുന്ന’ രാജ്യങ്ങൾക്കുമേൽ തീരുവ ചുമത്തുമെന്ന് ട്രംപ്
text_fieldsവാഷിംങ്ടൺ: യു.എസിനെ ‘ദ്രോഹിക്കുന്ന’ രാജ്യങ്ങൾക്കുമേൽ താരിഫ് ചുമത്തുമെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ രാജ്യത്തിന്റെ ഖജനാവിലേക്ക് ഫണ്ട് ഒഴുകുന്ന ഒരു ‘ന്യായമായ സംവിധാനം’ യു.എസ് സൃഷ്ടിക്കുമെന്നും അങ്ങനെ അമേരിക്ക വീണ്ടും സമ്പന്നമാവുമെന്നും തിങ്കളാഴ്ച ഫ്ലോറിഡ റിട്രീറ്റിൽ ഹൗസ് റിപ്പബ്ലിക്കൻമാരുടെ ചടങ്ങിൽ ട്രംപ് പറഞ്ഞു. ചൈന, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളെ ഉയർന്ന താരിഫ് ഏർപ്പെടുത്തുന്ന രാജ്യങ്ങളായി ട്രംപ് കുറ്റപ്പെടുത്തുകയും ചെയ്തു.
വിദേശ രാജ്യങ്ങൾക്ക് പ്രയോജനം ചെയ്യുന്നതിനായി നമ്മുടെ പൗരന്മാർക്ക് നികുതി ചുമത്തുന്നതിനുപകരം, നമ്മുടെ പൗരന്മാർക്ക് പ്രയോജനം ചെയ്യുന്നതിനായി വിദേശ രാജ്യങ്ങൾക്കുമേൽ താരിഫുകളും നികുതികളും ചുമത്തുകയാണ് വേണ്ടത് -തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ട്രംപ് പറഞ്ഞു.
‘നമുക്ക് ദോഷം ചെയ്യുന്ന വിദേശ രാജ്യങ്ങൾക്കും വിദേശികൾക്കും ഞങ്ങൾ താരിഫ് ഏർപ്പെടുത്താൻ പോകുന്നു. അവർ അടിസ്ഥാനപരമായി അവരുടെ രാജ്യം നന്നാക്കാൻ ആഗ്രഹിക്കുന്നു. ചൈന ഒരു വലിയ താരിഫ് മേക്കർ ആണ്. ഇന്ത്യയും ബ്രസീലും മറ്റ് പല രാജ്യങ്ങളും അതെ. അതിനാൽ ഞങ്ങളത് അനുവദിക്കില്ല. കാരണം, ഞങ്ങൾ അമേരിക്കയെ ഒന്നാമതെത്തിക്കാൻ പോകുന്നു. മറ്റ് രാജ്യങ്ങളുടെ താരിഫ് വർധിക്കുന്നതിനനുസരിച്ച് അമേരിക്കൻ തൊഴിലാളികൾക്കും വ്യവസായങ്ങൾക്കും മേലുള്ള നികുതി കുറയുകയും വൻതോതിൽ ഫാക്ടറികളും ജോലികളും നാട്ടിലേക്ക് വരുകയും ചെയ്യും -ട്രംപ് കൂട്ടിച്ചേർത്തു.
ഇന്ത്യ ഉൾപ്പെടുന്ന കൂട്ടായ്മയായ ബ്രിക്‌സ് ഗ്രൂപ്പിന് 100 ശതമാനം താരിഫുകൾ ചുമത്തുന്നതിനെക്കുറിച്ച് ട്രംപ് നേരത്തെ തന്നെ മുന്നിയിപ്പ് നൽകിയിരുന്നു. താരിഫ് ഒഴിവാക്കണമെങ്കിൽ കമ്പനികൾ യു.എസിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും ട്രംപ് തന്റെ പ്രസംഗത്തിൽ ആവശ്യപ്പെട്ടു. നിങ്ങൾക്ക് നികുതിയോ താരിഫുകളോ ചുമത്തുന്നത് നിർത്തണമെങ്കിൽ അമേരിക്കയിൽ തന്നെ നിങ്ങളുടെ പ്ലാന്റ് നിർമിക്കണം. അതാണ് സംഭവിക്കാൻ പോകുന്നത്. ആരും സങ്കൽപ്പിച്ചതിനേക്കാൾ കൂടുതൽ പ്ലാന്റുകൾ അടുത്ത ചുരുങ്ങിയ സമയത്തിനുള്ളിൽ ഞങ്ങൾ നിർമിക്കാൻ പോകുകയാണ്. കാരണം അവർക്ക് താരിഫ് ഒന്നുമില്ലാത്തതിനാൽ പ്രോത്സാഹനം ഉണ്ടാകും -അദ്ദേഹം പറഞ്ഞു.
അമേരിക്കയിൽ പ്ലാന്റുകൾ സ്ഥാപിക്കുന്ന കമ്പനികളെ, പ്രത്യേകിച്ച് ഫാർമസ്യൂട്ടിക്കൽസ്, സ്റ്റീൽ തുടങ്ങിയ മേഖലകളെ യു.എസ് പിന്തുണക്കുമെന്ന് പ്രസിഡന്റ് പ്രസ്താവിച്ചു. നമ്മുടെ രാജ്യത്തേക്ക് ഉൽപാദനം തിരികെ കൊണ്ടുവരണം. ഒരു ദിവസം ഒരു കപ്പൽ ഉണ്ടാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ നമുക്കത് നിർമിക്കാൻ കഴിയില്ല. നമ്മൾ എന്താണ് ചെയ്യുന്നതെന്ന് നമുക്കറിയില്ല. ഇതെല്ലാം മറ്റ് സ്ഥലങ്ങളിലേക്കും മറ്റ് ദേശങ്ങളിലേക്കും പോയി -അദ്ദേഹം പറഞ്ഞു.
യു.എസിലേക്ക് കൂടുതൽ ഉൽപാദനം തിരികെ കൊണ്ടുവരാൻ, നമ്മുടെ ധാതുക്കളെ പാരിസ്ഥിതികമായി സ്വതന്ത്രമാക്കാൻ പോവുകയാണ്. ലോകത്തെവിടെയും ഏറ്റവും മികച്ച ‘അപൂർവ ഭൂമി’ ഞങ്ങളുടെ പക്കലുണ്ട്. പക്ഷേ, പരിസ്ഥിതിവാദികൾ ആദ്യം അവിടെ എത്തുമെന്നതിനാൽ അവ ഉപയോഗിക്കാൻ നമുക്ക് അനുവാദമില്ലായിരുന്നുവെന്നും ട്രംപ് തന്റെ പ്രസംഗത്തിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.