ഇന്ത്യ-ചൈന ഹോട്ട്ലൈൻ ബന്ധം നിലനിർത്തും
text_fieldsന്യൂഡൽഹി: അതിർത്തിയിലെ സൈനിക സംഘർഷം ലഘൂകരിക്കുന്നതിന് തന്ത്രപ്രധാന മേഖലകളിൽനിന്ന് സേന പിൻമാറ്റം അനിവാര്യമാണെന്ന് ചൈനയോട് ഇന്ത്യ.
വ്യാഴാഴ്ച ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. 75 മിനിറ്റ് നീണ്ടുനിന്ന സംഭാഷണത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന അതിർത്തി തർക്കങ്ങൾ വിശദമായി ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്ത കുറിപ്പിൽ വ്യക്തമാക്കി. അതിർത്തി വിഷയത്തിൽ സമയബന്ധിതമായി വിവരങ്ങൾ കൈമാറുന്നതിന് ഇരു വിഭാഗം സൈനികരും തമ്മിൽ ഹോട്ട്ലൈൻ ബന്ധം നിലനിർത്താനും തീരുമാനിച്ചിട്ടുണ്ട്.
ഉഭയകക്ഷി ബന്ധങ്ങളിൽ കൂടുതൽ പുരോഗതി കൈവരിക്കാൻ അതിർത്തിയിൽ സമാധാനവും ശാന്തിയും പ്രധാനമാണെന്ന് എസ്. ജയശങ്കർ പറഞ്ഞു.
ഒരു വർഷത്തിനിടെ ഇരു സൈനികരും തമ്മിലുണ്ടായ സംഘർഷങ്ങൾ ഉഭയകക്ഷി ബന്ധത്തിൽ കനത്ത ആഘാതമാണ് സൃഷ്ടിച്ചതെന്ന് ഇരുവരും വിലയിരുത്തി. ഇരുവരും തമ്മിലുള്ള 'മോസ്കോ ധാരണ' ഓർമിപ്പിച്ച വിദേശകാര്യ മന്ത്രി അതിർത്തിയിൽ ചൈനീസ് സൈനികർ നടത്തുന്ന പ്രകോപനത്തിൽ ഇന്ത്യയുടെ ആശങ്ക പങ്കുവെച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസവും സഹകരണവും ശരിയായ പാതയിൽ മുന്നോട്ടു പോകുന്നതായി ബെയ്ജിങ് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.