മാലിദ്വീപ് ഭരണകൂടത്തെ അട്ടിമറിക്കാൻ ഇന്ത്യ പദ്ധതി തയാറാക്കി; റിപ്പോർട്ട് പുറത്തുവിട്ട് വാഷിങ്ടൺ പോസ്റ്റ്
text_fieldsന്യൂഡൽഹി: മാലിദ്വീപ് ഭരണകൂടത്തെ അട്ടിമറിക്കാൻ ഇന്ത്യ പദ്ധതി തയാറാക്കിയെന്ന് റിപ്പോർട്ട്. വാഷിങ്ടൺ പോസ്റ്റാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. മാലിദ്വീപ് പ്രസിഡന്റായി മുഹമ്മദ് മുയിസു അധികാരമേറ്റപ്പോൾ 2023ലായിരുന്നു ഇന്ത്യയുടെ അട്ടിമറി നീക്കം.
ഇന്ത്യൻസേനയെ മാലിദ്വീപിൽ നിന്ന് തിരിച്ചയക്കുമെന്നും ചൈനയുമായുള്ള ബന്ധം ശക്തമാക്കുമെന്നും മുയിസു പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇതിനുള്ള പദ്ധതി ഇന്ത്യ തയാറാക്കിയെന്ന റിപ്പോർട്ട് പുറത്ത് വന്നത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ നേതൃത്വത്തിലാണ് അട്ടിമറി നീക്കമുണ്ടായതെന്നാണ് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
കൈക്കൂലി നൽകി മാലിദ്വീപ് പാർലമെന്റിലെ 40 അംഗങ്ങളെ വിലക്കെടുക്കാനായിരുന്നു ഇന്ത്യയുടെ നീക്കം. മുയിസുവിന്റെ പാർട്ടിയിലെ അംഗങ്ങളേയും ഇത്തരത്തിൽ വിലക്കെടുക്കാൻ ശ്രമിച്ചിരുന്നു. മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടേയും പൊലീസുകാരുടേയും ക്രിമനൽ സംഘങ്ങളുടേയും പിന്തുണ ഉറപ്പാക്കാനും ഇന്ത്യ ശ്രമിച്ചിരുന്നു. ഏകദേശം ആറ് മില്യൺ ഡോളർ ഇതിനായി ചെലവ് വരുമെന്നാണ് ഇന്ത്യ കണക്ക് കൂട്ടിയിരുന്നത്.
2024 ജനുവരിയിൽ മാലിദ്വീപ് പ്രതിപക്ഷ നേതാവിനോട് ഇന്ത്യ ഇക്കാര്യം ചർച്ച ചെയ്യുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. എന്നാൽ, പാർലമെന്റ് അംഗങ്ങളിൽ നിന്നും വേണ്ട പിന്തുണ ലഭിക്കാതെ വന്നതോടെ ഇന്ത്യയുടെ പദ്ധതി പ്രതിസന്ധിയിലാവുകയായിരുന്നു. തുടർന്ന് ഇന്ത്യ പദ്ധതിയിൽ നിന്ന് പിന്മാറുകയും ചെയ്തു.
മാലിദ്വീപിൽ മുമ്പുണ്ടായിരുന്ന പ്രസിഡന്റുമാരുമായി ഇന്ത്യക്ക് നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. എന്നാൽ, ചൈനയോട് കൂടുതൽ അടുപ്പം പുലർത്തുന്ന സമീപനമാണ് മുയിസു സ്വീകരിച്ചിരുന്നത്. ഇതാണ് അട്ടിമറി നീക്കത്തിന് ഇന്ത്യയെ പ്രേരിപ്പിച്ചത്. എന്നാൽ, നിലവിൽ മാലിദ്വീപുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ വലിയ പ്രശ്നങ്ങളില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.