ഇന്ത്യ തെറ്റിദ്ധരിക്കണ്ട, ഞങ്ങൾ ഞങ്ങളുടെ സൈന്യത്തോടൊപ്പമാണ് -ഇംറാൻ ഖാൻ
text_fieldsഇസ്‌ലാമാബാദ്: പാകിസ്താൻ സൈന്യം ശക്തമാകണമെന്നാണ് തന്റെ പാർട്ടി ആഗ്രഹിക്കുന്നതെന്നും സൈനിക ശക്തിയെ ചോദ്യം ചെയ്തല്ല തന്റെ വിമർശനമെന്നും പാക് മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. 'ഹഖീഖി ആസാദി മാർച്ച്' എന്ന പേരിൽ നടത്തിയ ലോംഗ് മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടത്തിനെതിരെ രൂക്ഷമായ പ്രതികരമാണ് ഇംറാൻ നടത്തിയത്. എതിരാളികളെ ലക്ഷ്യമിട്ട് അഴിമതി ആരോപണവും നടത്തി.
സൈന്യത്തിനെതിരായ തന്റെ വിമർശനം ക്രിയാത്മകമായിരുന്നുവെന്ന് തന്റെ അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് ഇംറാൻ ഖാൻ പറഞ്ഞു. "സൈന്യം ശക്തമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾക്ക് ശക്തമായ ഒരു സൈന്യം ആവശ്യമാണ്. എന്റെ സൃഷ്ടിപരമായ വിമർശനം അവരെ ഉപദ്രവിക്കാൻ ഉദ്ദേശിച്ചുള്ളതല്ല" -ഇംറാൻപറഞ്ഞു. ഇംറാന്റേത് സൈനിക വിരുദ്ധ നിലപാടാണെന്ന ആക്ഷേപം ഉയർന്നതിന് പിന്നാലെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.
"ഇന്ത്യ തെറ്റിദ്ധരിക്കരുത്. ഞങ്ങൾ ഞങ്ങളുടെ സൈന്യത്തോടൊപ്പം നിൽക്കുന്നു" -അദ്ദേഹം പറഞ്ഞു. ഈ സൈന്യം നമ്മുടേതാണെന്നും എനിക്കൊരിക്കലും അതിനെ എതിർക്കാനാവില്ലെന്നും ഇന്ത്യയോട് പറയണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.