ഇന്ത്യയും യൂറോപ്യൻ യൂനിയനും സഹകരണം ശക്തമാക്കും
text_fieldsബ്രസൽസ്: നവ ഡിജിറ്റൽ സങ്കേതിക വിദ്യകളുടെ വിന്യാസത്തിനും വളർച്ച ത്വരിതപ്പെടുത്താനും ഇന്ത്യയും യൂറോപ്യൻ യൂനിയനും പങ്കാളിത്തം ശക്തമാക്കും. ബ്രസൽസിൽ നടന്ന ഇന്ത്യ-യൂറോപ്യൻ യൂനിയൻ ട്രേഡ് ആൻഡ് ടെക്നോളജി കൗൺസിലിന്റെ (ടി.ടി.സി) ആദ്യ യോഗത്തിനുശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
ആഗോള സാമ്പത്തിക, രാഷ്ട്രീയ, സുരക്ഷ രംഗത്ത് ഇരുകൂട്ടരും സമാനമായ വെല്ലുവിളികളാണ് നേരിടുന്നത്. രാജ്യാന്തര നിയമങ്ങളുടെയും തത്ത്വങ്ങളുടെയും അടിസ്ഥാനത്തിലുള്ള പരമാധികാരം, സുതാര്യത, തർക്കങ്ങളുടെ സമാധാനപരമായ പരിഹാരം എന്നിവയുടെ പ്രാധാന്യം ഇരുവിഭാഗവും ഊന്നിപ്പറഞ്ഞു. മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളിൽ യൂറോപ്യൻ യൂനിയനും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ സഹകരണം അനിവാര്യമാണെന്ന് യോഗം വിലയിരുത്തി.
ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുത്താനും തീരുമാനിച്ചു. 2022ൽ 120 മില്യൺ യൂറോയുടെ ചരക്കുവ്യാപാരമാണ് നടന്നത്. ഡിജിറ്റൽ രംഗത്തെ വിടവ് പരിഹരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാനും വിദഗ്ധരായ പ്രഫഷനലുകളുടെ സേവനവും കഴിവും പ്രയോജനപ്പെടുത്താനും കൈമാറാനും ധാരണയായി. യോഗത്തിൽ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റുമാരായ മാർഗ്രത്ത വെസ്റ്റാഗർ, വാൽദിസ് ഡോംബ്രോവ്സ്കിസ്, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.