അഫ്ഗാനിൽ താലിബാൻ പിടിമുറുക്കുന്നു: ഇന്ത്യ കാണ്ഡഹാറിലെ നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിച്ചു
text_fieldsന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിമുറുക്കുന്നതിനിടെ കാണ്ഡഹാർ ഇന്ത്യൻ കോൺസുലേറ്റിലെ നയതന്ത്ര പ്രതിനിധികളെയും ജീവനക്കാരെയും ഇന്ത്യ ഒഴിപ്പിച്ചു. കാണ്ഡഹാർ നഗരത്തിനായി ഏറ്റുമുട്ടൽ രൂക്ഷമായ സാഹചര്യത്തിലാണ് 50 പേരടങ്ങുന്ന സംഘത്തെ ഇന്ത്യ പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തിച്ചത്.
അമേരിക്കൻ സൈന്യത്തിെൻറ പിന്മാറ്റത്തിന് ശേഷം താലിബാൻ അഫ്ഗാനിസ്ഥാെൻറ നിയന്ത്രണത്തിനായി പോരാട്ടം ശക്തമാക്കിയതോടെയാണ് കോൺസുലേറ്റിലുള്ള ഇന്ത്യക്കാരെ പ്രത്യേക വ്യേമസേനാ വിമാനത്തിൽ ഒഴിപ്പിച്ചത്. താലിബാന് പാകിസ്ഥാൻ പിന്തുണയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിൽ പാക് വ്യോമ താവളം ഉപയോഗിക്കാതെയായിരുന്നു ഇവരെ തിരിച്ചുകൊണ്ടുവന്നത്. അഫ്ഗാനിലെ 421 ജില്ലകളിൽ മൂന്നിലൊന്നും താലിബാൻ പിടിക്കുകയും കാണ്ഡഹാറിന് ചുറ്റുമുള്ള മേഖലകളുടെ നിയന്ത്രണത്തിനായി പോരാട്ടം കനക്കുകയും ചെയ്തിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിൽ രുപപ്പെട്ടുവരുന്ന സുരക്ഷാ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യക്കാരുടെ സുരക്ഷയും സംരക്ഷണവും പ്രധാനമാണെന്നും വിദേശ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. കാണ്ഡഹാറിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അടച്ചിട്ടില്ലെന്നും കാണ്ഡഹാർ നഗരത്തിനടുത്ത് കനത്ത പോരാട്ടം നടക്കുന്നതിനാൽ ഇന്ത്യക്കാരെ തൽക്കാലം തിരിച്ചുകൊണ്ടുവരികയാണെന്നും വിദേശ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി പ്രസ്താവനയിൽ തുടർന്നു.
സ്ഥിതികൾ ശാന്തമാകുന്നത് വരെയുള്ള തീർത്തും താൽക്കാലികമായ നടപടിയാണിത്. അഫ്ഗാൻ പൗരന്മാരായ ജീവനക്കാെര വെച്ച് കോൺസുലേറ്റ് പ്രവർത്തനം തുടരുമെന്നും പ്രസ്താവനയിലുണ്ട്. കോൺസുലേറ്റ് പൂട്ടാനുള്ള പദ്ധതി തങ്ങൾക്കില്ലെന്ന് കാബൂളിലെ ഇന്ത്യൻ എംബസി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. കാണ്ഡഹാറിലെയും മസാറെ ശരീഫിലെയും കോൺസുലേറ്റുകളും പൂട്ടില്ലെന്നും അവർ വ്യക്തമാക്കി. അതേ സമയം അഫ്ഗാനിസ്ഥാൻ സന്ദർശിക്കുന്നവരും അവിടെ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് എംബസി ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മസാറെ ശരീഫിൽ ചില രാജ്യങ്ങൾ കോൺസുലേറ്റുകൾ പൂട്ടിയിട്ടുണ്ട്. ഇന്ത്യയിലെ അഫ്ഗാൻ സ്ഥാനപതി ഫരീദ് മമുൻദാസായ് സ്വന്തം രാജ്യത്തെ സ്ഥിതിഗതികൾ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ളയെ ധരിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.