ഉഭയകക്ഷി കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഫ്രാൻസും
text_fieldsപാരിസ്: ഉഭയകക്ഷി വിനിമയം വർധിപ്പിക്കാനും തീരദേശ, ജലപാത അടിസ്ഥാന സൗകര്യങ്ങളിൽ സഹകരിക്കാനുമുള്ള കരാറിൽ ഇന്ത്യയും ഫ്രാൻസും ഒപ്പുവെച്ചു. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന്റെ ത്രിദിന ഫ്രാൻസ് സന്ദർശനത്തിനിടെ ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീൻ-യെവ്സ് ലെ ഡ്രിയാനുമായി ചർച്ച നടത്തി ഞായറാഴ്ചയാണ് കരാർ ഒപ്പിട്ടത്.
സമുദ്രവ്യാപാരം, നാവിക വ്യവസായം, മത്സ്യബന്ധനം, സമുദ്ര സാങ്കേതികവിദ്യ, ശാസ്ത്രഗവേഷണം, സമുദ്ര നിരീക്ഷണം, സമുദ്ര ജൈവവൈവിധ്യം, സമുദ്ര ആവാസവ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള പരിപാലനം, സംയോജിത തീരദേശ പരിപാലനം, മറൈൻ ഇക്കോ ടൂറിസം, ഉൾനാടൻ ജലപാതകൾ, ഭരണകൂടങ്ങൾ തമ്മിലുള്ള സഹകരണം എന്നിവ ഉൾപ്പെടുന്നതാണ് കരാർ.
സമുദ്രസുരക്ഷയുമായി ബന്ധപ്പെട്ട ഇരുരാജ്യങ്ങളുടെയും സഹകരണത്തിൽ നിർണായക ചുവടുവെപ്പാണിതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇതുകൂടാതെ ഇന്ത്യയും ഫ്രാൻസും ശാസ്ത്രസഹകരണവും വിദ്യാർഥി-ഗവേഷക കൈമാറ്റവും വർധിപ്പിക്കും. ഗവേഷണ സ്ഥാപനങ്ങൾ തമ്മിലുള്ള ശാസ്ത്രീയ സഹകരണം പ്രോത്സാഹിപ്പിക്കുകയും ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വിസ നൽകൽ, അംഗീകാരങ്ങൾ എന്നീ നടപടിക്രമങ്ങൾ സുഗമമാക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.