ഹിന്ദു, സിഖ് മതക്കാരുടെ സ്വത്തവകാശം പുന:സ്ഥാപിക്കൽ; അഫ്ഗാൻ സർക്കാർ നടപടിയെ അഭിനന്ദിച്ച് ഇന്ത്യ
text_fieldsന്യൂഡൽഹി: ഹിന്ദു, സിഖ് മതക്കാരുടെ സ്വത്തവകാശം പുന:സ്ഥാപിക്കുന്നതിന് അഫ്ഗാനിലെ താലിബാൻ ഭരണകൂടം കൈക്കൊള്ളുന്ന നടപടിയെ അഭിനന്ദിച്ച് ഇന്ത്യ. തീരുമാനത്തെ നല്ല കാര്യമായാണ് കാണുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജെയ്സ്വാൾ പറഞ്ഞു.
അഫ്ഗാനിലെ മുൻ സർക്കാറിന്‍റെ കാലത്ത് യുദ്ധത്തിനിടെ പിടിച്ചെടുക്കപ്പെട്ട സ്വത്തുക്കൾ ഉടമകൾക്ക് തിരിച്ചുനൽകുന്നതിനായി താലിബാൻ ഭരണകൂടം കമീഷനെ നിയമിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് വിദേശകാര്യ വക്താവ് നീക്കത്തെ സ്വാഗതം ചെയ്തത്.
'ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അഫ്ഗാൻ ഹിന്ദുക്കൾക്കും സിഖുകാർക്കും സ്വത്തവകാശം പുന:സ്ഥാപിക്കാൻ താലിബാൻ ഭരണകൂടം തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതിനെ ഒരു ക്രിയാത്മക നടപടിയായാണ് കാണുന്നത്' -രൺധീർ ജെയ്സ്വാൾ പറഞ്ഞു.
അമേരിക്കൻ പിന്തുണയോടെ ഭരിച്ചിരുന്ന മുൻ സർക്കാറിന്‍റെ കാലത്ത് പിടിച്ചെടുക്കപ്പെട്ട സ്വത്തുക്കൾ തിരിച്ചുനൽകാൻ താലിബാൻ നീക്കം നടത്തുകയാണെന്നാണ് റിപ്പോർട്ടുകൾ. ഹിന്ദു, സിഖ് വിഭാഗങ്ങളുടെ സ്വത്തവകാശം പുന:സ്ഥാപിക്കപ്പെടുകയാണെങ്കിൽ, ഏറെക്കാലമായി വിവേചനങ്ങൾക്കും കുടിയൊഴിപ്പിക്കലുകൾക്കും വിധേയരായികൊണ്ടിരിക്കുന്ന മതന്യൂനപക്ഷങ്ങൾ നേരിടുന്ന അനീതികൾ പരിഹരിക്കുന്നതിൽ നിർണായക ചുവടുവെപ്പായി ഇത് മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.