അമേരിക്കയുടെ ഇന്തോ-പസഫിക് സാമ്പത്തിക കൂട്ടായ്മയിൽ ഇന്ത്യയും
text_fieldsടോക്യോ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നിർദേശിച്ച 12 അംഗ ഇന്തോ-പസഫിക് സാമ്പത്തിക കൂട്ടായ്മയുടെ ഭാഗമായി (ഐ.പി.ഇ.എഫ്) ഇന്ത്യയും. 'ക്വാഡ്' നേതൃതല യോഗത്തിന് മുന്നോടിയായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഉൾപ്പെടെ രാജ്യത്തലവന്മാരുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കൂട്ടായ്മയിൽ ചേരുമെന്ന് വ്യക്തമാക്കിയത്. 10 രാഷ്ട്രത്തലവൻമാർ വെർച്വലായാണ് യോഗത്തിൽ പങ്കെടുത്തത്.
മേഖലയുടെ സമാധാനത്തിനും സമൃദ്ധിക്കും വഴിയൊരുക്കാൻ ഇന്ത്യ പ്രവർത്തിക്കുമെന്ന് മോദി പറഞ്ഞു. മേഖലയിലെ വ്യാപാര രംഗത്ത് ചൈനയുടെ മേധാവിത്വം തടയാനാണ് ബൈഡൻ പുതിയ കൂട്ടായ്മ പ്രഖ്യാപിച്ചത്.
ക്വാഡ് നേതൃതല യോഗത്തിൽ പങ്കെടുക്കാൻ രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി ജപ്പാനിലെത്തിയത്. അംഗരാജ്യങ്ങളുടെ സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുകയാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്. ഇതിലൂടെ സാമ്പത്തിക വളർച്ച, മത്സരക്ഷമത തുടങ്ങിയവയും ഉദ്ദേശിക്കുന്നു.
ഇന്ത്യക്ക് പുറമെ ആസ്ട്രേലിയ, ബ്രൂണെ, ഇന്തോനേഷ്യ, ജപ്പാൻ, തെക്കൻ കൊറിയ, മലേഷ്യ, ന്യൂസിലൻഡ്, ഫിലിപ്പൈൻസ്, സിംഗപ്പൂർ, തായ്ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് പുതിയ സാമ്പത്തിക സഹകരണ കൂട്ടായ്മയിലുണ്ടാവുക. എന്നാൽ, ഇന്തോ-പസഫിക് സാമ്പത്തിക കൂട്ടായ്മ സ്വതന്ത്ര വ്യാപാര കരാറല്ലെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നിക്ഷേപസഹായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യു.എസും
ടോക്യോ: ഇന്ത്യയും യു.എസും പുതിയ നിക്ഷേപസഹായ കരാറിൽ ഒപ്പുവെച്ചു. ക്വാഡ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ നടക്കാനിരിക്കുന്ന ഉഭയകക്ഷി കൂടിക്കാഴ്ചക്ക് മുന്നോടിയായാണ് വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്രയും യു.എസ് അന്താരാഷ്ട്ര വികസന ധനകാര്യ കോർപറേഷൻ (ഡി.എഫ്.സി) സി.ഇ.ഒ സ്കോട്ട് നഥാനും കരാറിൽ ഒപ്പുവെച്ചത്.
നിക്ഷേപകാര്യങ്ങൾക്ക് പിന്തുണ നൽകുന്ന ഡി.എഫ്.സിക്ക് ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള നിയമോപാധിയാണ് പുതിയ കരാർ.
ഇന്ത്യൻ മുന്നേറ്റത്തിൽ ജപ്പാൻ പ്രധാന പങ്കാളി -മോദി
'ക്വാഡ്' ഉച്ചകോടിക്കായി പ്രധാനമന്ത്രി ജപ്പാനിൽ
ടോക്യോ: ഇന്ത്യയുടെ മുന്നേറ്റത്തിൽ നിർണായക പങ്കാളിയാണ് ജപ്പാനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായാണ് മോദി ഇങ്ങനെ പറഞ്ഞത്. ജപ്പാൻ വ്യവസായികൾക്ക് ഇന്ത്യയിൽ നിരവധി അനുകൂല സാഹചര്യങ്ങളാണുള്ളതെന്നും മോദി പറഞ്ഞു. 'ക്വാഡ്' സഖ്യനേതാക്കളുടെ ഉച്ചകോടിയിൽ സംബന്ധിക്കാനാണ് മോദി രണ്ടു ദിവസത്തേക്ക് ജപ്പാനിൽ എത്തിയത്.
ചൊവ്വാഴ്ചയാണ് കിഷിദയുമായുള്ള കൂടിക്കാഴ്ച. രണ്ടു മാസത്തിനിടെ, ഇത് രണ്ടാംതവണയാണ് ഇരുവരും കാണുന്നത്. മേഖലയിലെ 'ഏറ്റവും സ്വാഭാവികമായ ബന്ധങ്ങളിലൊന്നാണ്' ഇന്ത്യയും ജപ്പാനും തമ്മിലുള്ളതെന്നും മോദി അഭിപ്രായപ്പെട്ടു. ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തപ്പോഴും മോദി ഇക്കാര്യങ്ങൾ ആവർത്തിച്ചു. മനുഷ്യസമൂഹം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ നേരിടാൻ എന്നും ഇന്ത്യ മുന്നിലുണ്ടാകുമെന്ന് കോവിഡ് വാക്സിൻ വിതരണം സൂചിപ്പിച്ച് മോദി പറഞ്ഞു. 100ലധികം രാജ്യങ്ങൾക്കാണ് ഇന്ത്യ വാക്സിൻ നൽകിയത്. ടോക്യോയിൽ ഇന്ത്യൻ സമൂഹം വൻ സ്വീകരണമാണ് മോദിക്ക് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.