ഇന്ത്യ യു.എൻ രക്ഷാസമിതി സ്ഥിരാംഗമല്ലായെന്നത് അസംബന്ധമാണെന്ന് ഇലോൺ മസ്ക്
text_fieldsഇന്ത്യക്ക് ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയിൽ സ്ഥിരാംഗത്വമില്ലാത്തത് അസംബന്ധമാണെന്ന് ലോക കോടീശ്വരൻ ഇലോൺ മസ്ക്. യു.എൻ സംഘടനകളിൽ പുനരവലോകനം വേണം. ആഫ്രിക്കക്ക് ഒന്നിച്ച് സ്ഥിരാംഗത്വം വേണമെന്നും ഇലോൺ മസ്ക് എക്സ് പോസ്റ്റിൽ പറഞ്ഞു.
യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസിന്‍റെ എക്സ് പോസ്റ്റിനെ തുടർന്നുള്ള ചർച്ചയിലാണ് മസ്ക് തന്‍റെ അഭിപ്രായം രേഖപ്പെടുത്തിയത്. സുരക്ഷാ സമിതിയിൽ ആഫ്രിക്കയിൽ നിന്ന് ഒരു രാജ്യം പോലുമില്ലെന്ന യാഥാർഥ്യം നമുക്ക് എങ്ങനെ ഉൾക്കൊള്ളാനാകും എന്നായിരുന്നു ഗുട്ടെറസിന്‍റെ ചോദ്യം. സംഘടനകൾ ഇന്നത്തെ ലോകത്തെ ഉൾക്കൊള്ളുന്നതാകണം. 80 വർഷം മുമ്പുള്ളതാകരുത്. സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ഉച്ചകോടി ആഗോള ഭരണ പരിഷ്കാരങ്ങൾ പരിഗണിക്കുന്നതിനും വിശ്വാസം പുനഃസ്ഥാപിക്കുന്നതിനുമുള്ള അവസരമായിരിക്കും -ഗുട്ടെറസ് പറഞ്ഞു.
ഐക്യരാഷ്ട്ര സഭ സ്ഥാപനങ്ങൾക്ക് ചിലയിടത്ത് പുനരവലോകനം ആവശ്യമാണ് എന്നായിരുന്നു ഇതിനോടുള്ള മസ്കിന്‍റെ പ്രതികരണം. കൂടുതൽ അധികാരമുള്ളവർ അത് വിട്ടുകൊടുക്കാൻ തയാറല്ല എന്നതാണ് പ്രശ്നം. ലോകത്തിലെ തന്നെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായിട്ടും ഇന്ത്യ സുരക്ഷാ സമിതി സ്ഥിരാംഗമല്ല എന്നത് അസംബന്ധമാണ്. ആഫ്രിക്കയെ മൊത്തത്തിൽ സ്ഥിരാംഗമാക്കണമെന്നും മസ്ക് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.