കാബൂളിൽ താലിബാൻ വിളിച്ച നയതന്ത്ര യോഗത്തിൽ പങ്കെടുത്ത് ഇന്ത്യ
text_fieldsന്യൂഡൽഹി: കാബൂളിൽ താലിബാൻ വിളിച്ചുചേർത്ത നയതന്ത്ര പ്രതിനിധികളുടെ യോഗത്തിൽ പങ്കെടുത്ത് ഇന്ത്യ. യോഗത്തിൽ പങ്കെടുത്ത 10 രാജ്യങ്ങളിലാണ് ഇന്ത്യയും ഉൾപ്പെടുന്നത്. അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തെ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെന്നിരിക്കെയാണിത്.
റീജനൽ കോ-ഓപ്പറേഷൻ ഇനിഷ്യേറ്റീവ് മീറ്റിങ് എന്ന് പേരിട്ട സംഗമത്തിൽ റഷ്യ, ചൈന, ഇറാൻ, പാകിസ്താൻ, ഉസ്ബെക്കിസ്താൻ, തുർക്ക്മെനിസ്താൻ, കസാക്കിസ്താൻ, തുർക്കി, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരും പങ്കെടുത്തു. പരിപാടിയെക്കുറിച്ച് ഇന്ത്യൻ ഉദ്യോഗസ്ഥരിൽ നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
അഫ്ഗാൻ ആക്ടിങ് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയാണ് യോഗത്തെ അഭിസംബോധന ചെയ്തത്. മേഖലയിലെ വിവിധ രാജ്യങ്ങളുമായുള്ള ബന്ധം പ്രാധാന്യമർഹിക്കുന്നതായി അമീർ ഖാൻ മുത്തഖി കരുതുന്നുവെന്നും, അഫ്ഗാനിസ്താനുമായുള്ള സൗഹൃദ ഇടപെടൽ തുടരുന്നതിന് ചർച്ചകൾ നടത്തണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
അഫ്ഗാനിസ്താന്‍റെ എല്ലാ സംരംഭങ്ങളെയും ഇന്ത്യ പിന്തുണക്കുന്നുവെന്ന് യോഗത്തിൽ പങ്കെടുത്ത ഇന്ത്യൻ പ്രതിനിധിയെ ഉദ്ധരിച്ച് അഫ്ഗാൻ വിദേശകാര്യ മന്ത്രാലയം ഡെപ്യൂട്ടി വക്താവ് ഹാഫിസ് സിയ അഹ്മദ് പറഞ്ഞു. അഫ്ഗാനിസ്താനുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര, പ്രാദേശിക സംരംഭങ്ങളിൽ ഇന്ത്യ സജീവമായി പങ്കെടുക്കുകയും അഫ്ഗാനിസ്താന്‍റെ സ്ഥിരതക്കും വികസനത്തിനുമുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണക്കുകയും ചെയ്യുന്നു -സിയ അഹ്മദ് എക്‌സിലെ കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.