ഇന്ത്യ ചന്ദ്രനിൽ കാലുകുത്തുന്നു, ജി20 ഉച്ചകോടി സംഘടിപ്പിക്കുന്നു; അതേസമയം, പാകിസ്താൻ പണത്തിനായി യാചിക്കുന്നു -നവാസ് ശെരീഫ്
text_fieldsഇസ്ലാമാബാദ്: ഇന്ത്യ ചന്ദ്രനിൽ എത്തുകയും ജി20 ഉച്ചകോടി വിജയകരമായി സംഘടിപ്പിക്കുകയും ചെയ്യുമ്പോൾ പാകിസ്താൻ മറ്റ് രാജ്യങ്ങളോട് പണത്തിനായി യാചിക്കുകയാണെന്ന് മുൻ പ്രധാനമന്ത്രിയും പി.എം.എൽ (എൻ) നേതാവുമായ നവാസ് ശെരീഫ്. ലാഹോറിൽ നടന്ന റാലിയെ വിഡിയോ കോൺഫറൻസിങ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു നവാസ് ശെരീഫ്.
'ഇന്ത്യ ചന്ദ്രനിൽ കാലുകുത്തുകയും ലോക നേതാക്കളെ ഉൾപ്പെടുത്തി ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്യുന്നു. എന്നാൽ, ഇന്ന് പാകിസ്താൻ പ്രധാനമന്ത്രി പണത്തിനായി ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് യാചിച്ച് നടക്കുകയാണ്. എന്തുകൊണ്ട് പാകിസ്താന് സമാനമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിയാത്തത്? ആരാണ് നമ്മുടെ അപമാനകരമായ അവസ്ഥക്ക് ഉത്തരവാദി?' -നവാസ് ശെരീഫ് ചോദിച്ചു.
1990ൽ ഇന്ത്യൻ സർക്കാർ തുടക്കം കുറിച്ച സാമ്പത്തിക പരിഷ്‌കാരങ്ങൾ അവർ പിന്തുടർന്നു. അടൽ ബിഹാരി വാജ്‌പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയായപ്പോൾ ഇന്ത്യയുടെ ഖജനാവിൽ ഒരു ബില്യൺ ഡോളർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ അവരുടെ വിദേശ നാണ്യകരുതൽ 600 ബില്യൺ ഡോളറായി ഉയർന്നു -നവാസ് ശെരീഫ് ചൂണ്ടിക്കാട്ടി.
ഒരു ബില്യൺ ഡോളറിന് പോലും നമ്മൾ യാചിക്കുന്നു. നമ്മൾ എന്തിലേക്കാണ് എത്തിയത്? ഇന്ത്യയുടെ കണ്ണിൽ പാകിസ്താൻ എവിടെയാണ് നിൽക്കുന്നത്? നമ്മൾ ചൈനയിൽ നിന്നും ഗൾഫിൽ നിന്നും പണം ആവശ്യപ്പെടുന്നു. നമ്മൾ നമ്മുടെ രാജ്യത്തോട് എന്താണ് ചെയ്തത്? നമ്മുടെ രാജ്യത്തോട് ഇത് ചെയ്തവരാണ് ഏറ്റവും വലിയ കുറ്റവാളികൾ -നവാസ് ശെരീഫ് പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ ജൂലൈയിൽ രാജ്യത്തെ വൈദ്യുതി നിരക്ക് യൂണിറ്റിന് 7.5 രൂപ വർധിപ്പിച്ചിരുന്നു. ഇതിനെതിരെ രാജ്യ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. വിദേശത്ത് കഴിയുന്ന നവാസ് ശെരീഫ് ഒക്ടോബർ 21ന് പാകിസ്താനിലേക്ക് മടങ്ങി എത്തുമെന്ന് സഹോദരനും മുൻ പ്രധാനമന്ത്രിയുമായ ഷെഹബാസ് ശെരീഫ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.