ബങ്കറുകളിൽ കുടുങ്ങിയവർക്ക് റെഡ്ക്രോസ് സഹായം തേടി ഇന്ത്യ
text_fieldsന്യൂഡൽഹി: കിഴക്കൻ യുക്രെയ്നിലെ ബങ്കറുകളില്‍ കുടുങ്ങിയ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കാൻ റെഡ്ക്രോസിന്റെ സഹായം തേടിയതായി കേന്ദ്ര വിദേശ മന്ത്രാലയം. തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന വിദേശകാര്യ പാർലമെന്ററി സമിതിയിൽ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. പാർലമെന്ററി സമിതിയിൽ കേരളത്തിൽനിന്നുള്ള എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീറും എൻ.കെ. പ്രേമചന്ദ്രനും ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ ഉന്നയിച്ചു. ഇന്ത്യൻ എംബസി അധികൃതർ സഹായിക്കുന്നില്ലെന്നും ബങ്കറുകളിൽ ജീവിതം ദുരിതപൂർണമാണെന്നും മലയാളി വിദ്യാർഥികൾ അടക്കം നിരവധി ഇന്ത്യക്കാരുടെ വിഡിയോകൾ പുറത്തുവന്നിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ബി.ജെ.പി നേതാവ് വരുൺ ഗാന്ധിയും വിഡിയോകൾ പങ്കുവെച്ച് ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി.
അതിർത്തിയിൽ എത്തിക്കഴിഞ്ഞാലുണ്ടാകുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി വിദേശകാര്യ മന്ത്രാലയത്തിന്റെ പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ വിദേശകാര്യ വകുപ്പ് സെക്രട്ടറി വ്യക്തമാക്കി. കേന്ദ്ര സർക്കാറിന്റെ 'ഓപറേഷൻ ഗംഗ'യിലൂടെ ഇന്ത്യയിലെത്തിയവർക്ക് പുറമെ 3000ത്തിലധികം ഇന്ത്യക്കാരെ യുക്രെയ്ന് അതിര്‍ത്തി കടത്തി സുരക്ഷിതമായി അയല്‍രാജ്യങ്ങളില്‍ എത്തിച്ചു. അടുത്ത രണ്ടു ദിവസത്തിനകം 13 പ്രത്യേക വിമാനങ്ങള്‍ ഇന്ത്യക്കാരെയും കൊണ്ട് വരും.
പോളണ്ട് അതിര്‍ത്തിയിലെ അനിയന്ത്രിതവും അമിതവുമായ തിരക്ക് പരിഗണിച്ച് ബദല്‍മാർഗങ്ങള്‍ ആലോചിക്കുകയാണെന്ന് വിദേശകാര്യ സെക്രട്ടറി യോഗത്തിൽ വ്യക്തമാക്കി.
ഒറിജിനല്‍ പാസ്പോര്‍ട്ട് കൈവശമില്ലാത്തവരെ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്കി നാട്ടിലേക്കയക്കും. വിദേശകാര്യ മന്ത്രാലയവും എംബസിയും പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി മുന്നോട്ടുപോവുകയാണെന്നും അവിടെനിന്ന് മടങ്ങിവന്ന കുട്ടികൾക്ക് തുടർപഠനം നിർവഹിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും ഹെൽപ് ലൈൻ സൗകര്യം വർധിപ്പിക്കുമെന്നും സെക്രട്ടറി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.