യു.എന്നിൽ തുർക്കിയുടെ കശ്മീർ പരാമർശം: അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
text_fieldsജനീവ: കശ്മീർ വിഷയത്തിൽ തുര്‍ക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാർ ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പരാമര്‍ശത്തെ അപലപിച്ച് ഇന്ത്യ. ഉർദുഗാെൻറ പ്രസംഗം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണ്. ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഉർദുഗാൻ മറ്റ് രാഷ്ട്രങ്ങളുടെ പരമാധികാരത്തെ മാനിക്കാൻ പഠിക്കണമെന്നും ഇന്ത്യ പ്രതികരിച്ചു.
ഉർദുഗാെൻറ പ്രസംഗത്തിന് പിന്നാലെ യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.തിരുമൂര്‍ത്തിയാണ് ട്വിറ്ററിലൂടെ ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയത്.
'ജമ്മു കശ്മീനെ സംബന്ധിച്ച് തുര്‍ക്കി പ്രസിഡൻറ് നടത്തിയ പരാമര്‍ശങ്ങള്‍ ഞങ്ങള്‍ കണ്ടു. അവ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള കടുത്ത ഇടപെടലാണ്, പൂര്‍ണ്ണമായും അസ്വീകാര്യമാണ്. മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കാനും സ്വന്തം നയങ്ങൾ ആഴത്തില്‍ പ്രതിഫലിപ്പിക്കാനും തുര്‍ക്കി പഠിക്കണം' -തിരുമൂര്‍ത്തി ട്വിറ്ററില്‍ കുറിച്ചു.
കശ്മീർ സംഘർഷം ഇപ്പോഴും കത്തുന്ന പ്രശ്നമാണെന്നായിരുന്നു ഉർദുഗാെൻറ പരാമർശം. ദക്ഷിണേഷ്യയുടെ സമാധാനത്തിനായി യു.എൻ പ്രമേയത്തിെൻറ ചട്ടക്കൂടിൽ നിന്നുള്ള സംഭാഷണങ്ങളിലൂടെ പ്രത്യേകിച്ച് കശ്മീര്‍ ജനതയുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമായി ഈ പ്രശ്‌നം പരിഹരിക്കണമെന്നും അതിനോട് തങ്ങൾക്ക് യോജിപ്പാണുള്ളത് എന്നുമായിരുന്നു ഉർദുഗാൻ യു.എൻ ജനറല്‍ അസംബ്ലിയില്‍ നടത്തിയ വെർച്വൽ പ്രസംഗത്തിൽ പറഞ്ഞത്.
കഴിഞ്ഞ വർഷവും യു.എൻ പൊതുസഭയിൽ ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന 370ാം ഭരണഘടന വകുപ്പ് റദ്ദാക്കിയതിനെ ഉർദുഗാൻ വിമർശിച്ചിരുന്നു. അന്നും കശ്മീർ ഇന്തയുടെ ആഭ്യന്തര വിഷയമാണെന്ന മറുപടിയാണ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.