ഇന്ത്യ 10 കോടി ഡോസ് സ്പുട്നിക് വാക്സിൻ ഉൽപാദിപ്പിക്കുമെന്ന് റഷ്യ
text_fieldsമോസ്കോ: കോവിഡിനെതിരെ ലോകം കാത്തിരിക്കുന്ന റഷ്യയുടെ പ്രതിരോധ വാക്സിനായ സ്പുട്നിക് ഇന്ത്യയിലും ഉൽപാദിപ്പിക്കും. പ്രതിവർഷം 10 കോടി ഡോസ് സ്പുട്നിക് വാക്സിൻ ഇന്ത്യ നിർമിക്കുമെന്ന് റഷ്യ വ്യക്തമാക്കി. ഇന്ത്യയിലെ പ്രമുഖ മരുന്ന് നിർമാണ കമ്പനിയായ ഹെറ്ററോയുമായി സഹകരിച്ചാണ് ഉൽപാദനം ആരംഭിക്കുന്നത്.
ഇതിനായി ഇന്ത്യയും റഷ്യയും ധാരണയിലെത്തിയതായി റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെൻറ് ഫണ്ട് (ആർ.ഡി.ഐ.എഫ്) അറിയിച്ചു. 2021ൽ ഉൽപാദനം ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയെ കൂടാതെ ബ്രസീൽ, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും മരുന്ന് ഉൽപാദനത്തിൽ പങ്കാളിയാകുമെന്ന് ആർ.ഡി.ഐ.എഫ് കൂട്ടിച്ചേർത്തു.
കോവിഡിനെ പ്രതിരോധിക്കാൻ ലോകത്ത് വികസിപ്പിക്കപ്പെട്ട ഏറ്റവും ഫലപ്രാപ്തിയുള്ള മരുന്നായാണ് സ്പുട്നിക്കിനെ വിലയിരുത്തുന്നത്. സ്പുട്നിക്കിെൻറ ക്ലിനിക്കൽ പരീക്ഷണത്തിെൻറ ഇടക്കാല ഫലം കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തിൽ റഷ്യൻ അധികൃതർ പുറത്തുവിട്ടിരുന്നു.
ഇതിൽ 95 ശതമാനം വിജയം കാണിച്ചുവെന്നാണ് അവർ അവകാശപ്പെട്ടിരുന്നത്. ആഗസ്റ്റിലാണ് റഷ്യ ഔദ്യോഗികമായി കോവിഡ് വാക്സിൻ പുറത്തുവിടുന്നത്. ഒന്നും രണ്ടും ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കിയ ശേഷമാണ് ക്ലിനിക്കൽ പരീക്ഷണത്തിെൻറ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. അതോടൊപ്പം 40,000ത്തോളം സന്നദ്ധ പ്രവർത്തകരിൽ വാക്സിൻ പരീക്ഷിക്കുകയും ചെയ്തിരുന്നു.
എങ്കിലും അവസാനഘട്ട പരീക്ഷണം പൂർത്തിയായാൽ മാത്രമേ വലിയ അളവിൽ മരുന്ന് ഉൽപാദിപ്പിക്കാനാവൂ. യു.എ.ഇ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളിൽ മൂന്നാംഘട്ട പരീക്ഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.