അഫ്ഗാൻ നഗരത്തിലെ ഇന്ത്യക്കാർക്ക് തിരികെയെത്താൻ നിർദേശം; പ്രത്യേക വിമാനം ഏർപ്പാടാക്കി
text_fieldsന്യൂഡൽഹി: സൈന്യവും താലിബാനും തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷമായ വടക്കൻ അഫ്ഗാൻ നഗരമായ മസാറെ ശരീഫിൽ നിന്ന് എത്രയും വേഗം തിരികെയെത്താൻ ഇന്ത്യൻ പൗരന്മാർക്ക് നിർദേശം. ഇന്ന് പ്രത്യേക വിമാനത്തിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും. വടക്കൻ അഫ്ഗാനിലെ ഏറ്റവും വലിയ നഗരമായ മസാറെ ശരീഫ് ലക്ഷ്യമാക്കിയാണ് തങ്ങൾ നീങ്ങുന്നതെന്ന് താലിബാൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
മസാറെ ശരീഫിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ഇന്ന് വൈകീട്ടാണ് ന്യൂഡൽഹിയിലേക്ക് പ്രത്യേക വിമാനം പുറപ്പെടുക.
സാഹചര്യം വഷളാകുന്നതിനിടെ കഴിഞ്ഞ മാസം കാണ്ഡഹാറിലെ കോൺസുലേറ്റിൽ നിന്ന് 50ഓളം നയതന്ത്ര ഉദ്യോഗസ്ഥരെയും സുരക്ഷാ ജീവനക്കാരെയും ഇന്ത്യ പിൻവലിച്ചിരുന്നു. ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദേശവും നൽകിയിരുന്നു.
അതേസമയം, അഫ്ഗാൻ സൈന്യവുമായി കനത്ത പോരാട്ടം തുടരുന്നതിനിടെ കൂടുതൽ പ്രവിശ്യകൾ താലിബാൻ പിടിച്ചടക്കി. നാലു ദിവസത്തിനിടെ ആറാമത്തെ പ്രവിശ്യ തലസ്ഥാനം കീഴടക്കിയതായി താലിബാൻ അവകാശപ്പെട്ടു. വടക്കൻ അഫ്ഗാനിലെ സമൻഗൻ പ്രവിശ്യ തലസ്ഥാനമായ ഐബക് നഗരമാണ് ഒടുവിൽ താലിബാൻ സേനയുടെ പിടിയിലമർന്നത്.
ഐബകിലെ പ്രധാന സർക്കാർ സ്ഥാപനങ്ങൾ താലിബാൻ നിയന്ത്രണത്തിലാക്കിയതായി പ്രവിശ്യ കൗൺസിലർ റാസ് മുഹമ്മദും രണ്ടു പാർലമെൻറ് അംഗങ്ങളും അറിയിച്ചു. കൂടുതൽ സേനയെ അയക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതോടെ സൈന്യം നഗരം ഉപേക്ഷിച്ച് കോഹെ ബസ്ത് കുന്നിൻമുകളിലേക്ക് രക്ഷപ്പെട്ടതായും ഇവർ പറഞ്ഞു. നഗരം താലിബാൻ കീഴടക്കിയ വിവരം പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവർണർ സ്ഥിരീകരിച്ചു. ഗവർണറുടെ കാര്യാലയമുൾപ്പെടെ തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് താലിബാൻ വക്താവ് ട്വീറ്റ് ചെയ്തു.
സമൻഗൻ പ്രവിശ്യ തലസ്ഥാനത്തിനു പുറമെ കുന്ദുസ്, തഖർ, ജൗസ്ജാൻ, സാരെ പുൽ, നിംറുസ് എന്നിവയാണ് നാലു ദിവസത്തിനിടെ താലിബാെൻറ പിടിയിലായത്. ഹെറാത്ത്, കാന്തഹാർ, ഹെൽമന്ദ് പ്രവിശ്യകളും പിടിയിലായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.