കോവിഡ് പ്രതിരോധ സമിതി രൂപീകരിച്ച് ബൈഡൻ; മൂന്നുപേർ ഇന്തോ-അമേരിക്കൻ വംശജർ
text_fieldsവാഷിങ്ടൺ: ഏറ്റവും അധികം കോവിഡ് ബാധിതരുള്ള യു.എസിൽ പ്രതിരോധത്തിനായി പ്രത്യേക ഉപദേശക സംഘത്തെ നിയോഗിച്ച് നിയുക്ത പ്രസിഡൻറ് ജോ ബൈഡൻ. കോവിഡ് പ്രതിരോധത്തിനായി 13 അംഗ ബോർഡിന് രൂപം നൽകുകയായിരുന്നു. ഇതിൽ മൂന്നുപേർ ഇന്തോ -അമേരിക്കൻ വംശജരാണ്.
ഒബാമ ഭരണകൂടത്തിലെ സർജൻ ജനറലായിരുന്ന ഡോ. വിവേക് മൂർത്തി, മെഡിക്കൽ ജേണലിസം കൈകാര്യംചെയ്യുന്ന അതുൽ ഗവാൻഡെ, സെലിൻ ഗൗണ്ടർ എന്നിവർ സംഘത്തിൽ ഉൾപ്പെടും.
രാജ്യത്തെ കോവിഡ് ബാധ നിയന്ത്രിക്കുന്നതിനാകും പ്രഥമ പരിഗണനയെന്ന് തെരഞ്ഞെടുപ്പിൽ വിജയിച്ച ഉടൻതന്നെ ബൈഡൻ പ്രഖ്യാപിച്ചിരുന്നു.
43കാരനായ മൂർത്തിയുടെ മാതാപിതാക്കൾ കർണാടക സ്വദേശികളാണ്. യു.കെയിലായിരുന്നു മൂർത്തിയുടെ ജനനം. 55കാരനായ ഗവാൻഡെയുടെ മാതാപിതാക്കൾ ഗുജറാത്ത്, മഹാരാഷ്ട്ര സ്വദേശികളാണ്. ബ്രൂക്ക്ലിനിലാണ് ഇദ്ദേഹത്തിെൻറ ജനനം. ഓക്സ്ഫഡ്, സ്റ്റാൻഫോർഡ് സർവകലാശാലകളിൽ പഠനം പൂർത്തിയാക്കി. സെലിെൻറ പിതാവ് തമിഴ്നാട് സ്വദേശിയും മാതാവ് ഫ്രാൻസുകാരിയുമാണ്.
ഡോക്ടർമാരും ശാസ്ത്രജ്ഞരുമാണ് സമിതി അംഗങ്ങൾ. രാജ്യത്തെ പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കലാണ് സമിതിയുടെ ലക്ഷ്യം. കോവിഡ് ബാധയുടെ വ്യാപനം കുറക്കാനാവശ്യമായ നിർദേശങ്ങൾ ഉപദേശക സമിതി നൽകും. വാക്സിനുകൾ ഫലപ്രദവും സുരക്ഷിതവുമാണെന്ന് ഉറപ്പുവരുത്തുന്നതും വിതരണത്തിലെ തുല്യതയും കാര്യക്ഷമതയും നിരീക്ഷിക്കുന്നതും സമിതിയായിരിക്കും. കൂടാതെ അത്യാസന്ന നിലയിലുള്ള രോഗികളുടെ സംരക്ഷണത്തിനും സമിതി നേതൃത്വം നൽകും.
ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതരുള്ള രാജ്യം അമേരിക്കയാണ്. 2,37,000 പേർ ഇതുവരെ യു.എസിൽ കോവിഡ് ബാധിച്ച് മരിച്ചു. പ്രസിഡൻറ് ഡോണൾഡ് ട്രംപിന് തെരഞ്ഞെടുപ്പ് സമയത്ത് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.