ഗസ്സ വംശഹത്യക്ക് ഇസ്രായേലിന് ഇന്ത്യൻ ആയുധങ്ങൾ
text_fieldsഗസ്സ: എട്ടുമാസത്തിലധികമായി തുടരുന്ന ഗസ്സയിലെ വംശഹത്യക്ക് ഇസ്രായേലിന് ഇന്ത്യൻ നിർമിത ആയുധങ്ങളെത്തുന്നതായി റിപ്പോർട്ട്. ഇസ്രായേൽ ലക്ഷ്യമാക്കി ഇന്ത്യൻ തുറമുഖങ്ങളിൽനിന്ന് പുറപ്പെട്ട ചരക്കുകപ്പലുകളുടെ രേഖകളും ഗസ്സയിൽ വർഷിച്ച ബോംബുകളുടെയും ഉപയോഗിച്ച ഡ്രോണുകളുടെയും വിശദാംശങ്ങളും വിശകലനം ചെയ്ത് ‘അൽ ജസീറ’യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇസ്രായേലിലേക്ക് ആയുധങ്ങളുമായി പോകുകയാണെന്ന സംശയത്തിൽ മേയ് 15ന് സ്പാനിഷ് തീരത്ത് തടഞ്ഞുവെച്ച ചരക്കു കപ്പൽ ‘ബോർകുമി’ൽ ഇന്ത്യയിൽനിന്നുള്ള ആയുധങ്ങളാണുണ്ടായിരുന്നതെന്ന് രേഖകൾ വ്യക്തമാക്കുന്നു. ചെന്നൈ തുറമുഖത്തുനിന്ന് ഏപ്രിൽ രണ്ടിന് പുറപ്പെട്ട കപ്പൽ ഇസ്രായേൽ തുറമുഖമായ അഷ്ദോദ് ലക്ഷ്യമാക്കിയാണ് നീങ്ങിയിരുന്നത്. 20 ടൺ റോക്കറ്റ് എൻജിൻ, 12.5 ടൺ റോക്കറ്റുകൾ, 1500 കിലോ വെടിമരുന്ന് എന്നിവയാണ് കപ്പലിൽ ഉണ്ടായിരുന്നതെന്ന് ‘സോളിഡാരിറ്റി നെറ്റ്വർക്ക് എഗെയിൻസ്റ്റ് ദി ഫലസ്തീനിയൻ ഒക്കുപേഷൻ’ എന്ന സംഘടനക്ക് ലഭിച്ച രേഖകളിൽ പറയുന്നു.
ഗസ്സയിലെ നുസൈറാത് അഭയാർഥി ക്യാമ്പിനുനേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിനുശേഷം ലഭിച്ച മിസൈലിന്റെ അവശിഷ്ടങ്ങളിൽ ‘മെയ്ഡ് ഇൻ ഇന്ത്യ’ എന്ന് രേഖപ്പെടുത്തിയ വിഡിയോ പുറത്തുവന്നതും സംശയം ബലപ്പെടുത്തുന്നു. ഇസ്രായേലി ആയുധ കമ്പനികൾക്കുവേണ്ടി റോക്കറ്റ് മോട്ടോറുകളും മിസൈൽ ഭാഗങ്ങളും നിർമിക്കുന്നത് ഇന്ത്യൻ കമ്പനികളാണ്. ഇസ്രായേലിൽനിന്ന് വൻ തുകക്കുള്ള കയറ്റുമതി ഓർഡർ ലഭിച്ചെന്ന് ഇന്ത്യൻ കമ്പനി മേധാവി വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.