വാഹനം കടന്നുപോകുന്നത് ഇസ്രായേലിനെ മുൻകൂട്ടി അറിയിച്ചിരുന്നു; റഫയിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ യു.എൻ
text_fieldsയുനൈറ്റഡ് നേഷൻസ്: റഫയിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഇന്ത്യക്കാരനായ യു.എൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിശദീകരണവുമായി ഐക്യരാഷ്ട്രസഭ. യു.എൻ വാഹനം പ്രദേശത്ത് കൂടി കടന്നുപോകുന്ന വിവരം മുൻകൂട്ടി ഇസ്രായേൽ സൈന്യത്തെ അറിയിച്ചിരുന്നതായി ഐക്യരാഷ്ട്രസഭ വക്താവ് റൊണാൾഡോ ഗോമസ് വ്യക്തമാക്കി.
ഏത് സാഹചര്യത്തിലായാലും യു.എൻ വാഹനങ്ങളുടെ നീക്കങ്ങൾ ഇസ്രായേലിനെ അറിയിക്കാറുണ്ട്. വാഹനത്തിൽ യു.എൻ എന്ന് വ്യക്തമായി എഴുതിയിരുന്നു. ഗസ്സയിൽ സുരക്ഷിതമായ ഒരിടവുമില്ല എന്നതിന്‍റെ വ്യക്തമായ തെളിവാണിതെന്നും വക്താവ് ചൂണ്ടിക്കാട്ടി.
അതേസമയം, യു.എൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. യുദ്ധമേഖലയിൽ മുന്നറിയിപ്പില്ലാതെ കടന്നതു കൊണ്ടാണ് യു.എൻ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായതെന്നാണ് ഇസ്രായേൽ വിശദീകരണം.
മുൻ ഇന്ത്യൻ സൈനികനും യുനൈറ്റഡ് നാഷൻസ് ഡിപാർട്മെന്‍റ് ഓഫ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി (ഡി.എസ്.എസ്) സ്റ്റാഫ് അംഗവുമായ വൈഭവ് അനിൽ ഖാലെ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയത്. ആക്രമണത്തിൽ മറ്റൊരു ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു.
തെക്കൻ ഗസ്സയിലെ യൂറോപ്യൻ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് യു.എൻ ഉദ്യോഗസ്ഥരുടെ സംഘം ആക്രമണത്തിന് ഇരയായത്. ഐക്യരാഷ്ട്രസഭയുടേത് എന്ന് അടയാളപ്പെടുത്തിയ വാഹനത്തിൽ സഞ്ചരിച്ചിട്ടും ഇസ്രായേൽ സൈന്യം ആക്രമണം നടത്തുകയായിരുന്നു.
ഇസ്രായേൽ ആക്രമണം ആരംഭിച്ച ശേഷം കൊല്ലപ്പെടുന്ന മറ്റൊരു രാജ്യത്തെ ആദ്യ യു.എൻ ഉദ്യോഗസ്ഥനാണ് വൈഭവ് അനിൽ ഖാലെ. ഗസ്സയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചത് മുതൽ തദ്ദേശീയരായ 190 യു.എൻ അംഗങ്ങൾ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.