സൂയസ് കനാലിൽ കുടുങ്ങിയ കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാർ; കപ്പൽ നീക്കാൻ ദിവസങ്ങൾ വേണ്ടിവന്നേക്കും
text_fieldsകൈറോ: ലോകത്തെ ഏറ്റവും തിരക്കേറിയ കപ്പൽപാതയായ സൂയസ് കനാലിന് കുറുകെ മൂന്ന് ദിവസത്തിലേറെയായി കുടുങ്ങിക്കിടക്കുന്ന ചരക്ക് കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാർ. അസോസിയേറ്റഡ് പ്രസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 25 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇവരെല്ലാം തന്നെ സുരക്ഷിതരാണെന്ന് കപ്പൽ കമ്പനി അധികൃതർ അറിയിച്ചു. അതേസമയം, കപ്പൽ നീക്കി ഗതാഗതം പുന:രാരംഭിക്കാൻ ദിവസങ്ങളെടുത്തേക്കുമെന്നാണ് വിവരം.
ഇന്ത്യൻ ജീവനക്കാർക്ക് പുറമേ ഈജിപ്തുകാരായ രണ്ട് പൈലറ്റുമാർ ഇപ്പോൾ കപ്പലിലുണ്ട്. ചൊവ്വാഴ്ച രാവിലെ 7.45ഓടെ കനാലിൽ കുടുങ്ങിയ കപ്പലിനെ നീക്കാനാണ് ഇവർ ശ്രമിക്കുന്നത്. ബേണ്‍ഹാര്‍ഡ് ഷൂള്‍ട്ട് ഷിപ്പ് മാനേജ്മെന്‍റ് കമ്പനിയാണ് കപ്പലിനെ നിയന്ത്രിക്കുന്നത്.
400 മീറ്റർ നീളത്തിൽ 59 മീറ്റർ വീതിയിൽ ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പലുകളിലൊന്നായ 'എവർഗ്രീൻ' ആണ് കാറ്റിലുലഞ്ഞ് സൂയസ് തുറമുഖത്തിനു സമീപം വിലങ്ങനെ നിലംതൊട്ടുനിൽക്കുന്നത്. മൂന്നു വർഷം മുമ്പ് ജപ്പാനിൽ നിർമിച്ചതാണ് കപ്പൽ. രണ്ടു ലക്ഷം ടൺ ആണ് കപ്പലിന്‍റെ ചരക്കുശേഷി.
ശക്തമായ കാറ്റിൽ നേരെ തിരിഞ്ഞ് കരക്കടിയുകയായിരുന്നുവെന്ന് കപ്പൽ അധികൃതർ പറയുന്നു. തായ്വാൻ ആസ്ഥാനമായുള്ള കപ്പൽ ജപ്പാനിലെ ഷൂയി കിസെൻ കയ്ഷ ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുള്ളതാണ്.
ടഗ് ബോട്ടുകൾ ഉപയോഗിച്ച് ചരക്കുകപ്പൽ വലിച്ച് നേരെയാക്കാൻ ശ്രമം തുടരുന്നുണ്ടെങ്കിലും രക്ഷാ പ്രവർത്തനം വിജയിച്ചിട്ടില്ല. ആദ്യം ഇരു കരകളിലും ഡ്രെഡ്ജിങ് നടത്തിയ ശേഷമാകും കപ്പൽ വലിച്ചുനേരെയാക്കുക. സ്മിറ്റ് സാൽവേജ് എന്ന ഡച്ച് കമ്പനിക്ക് ചുമതല നൽകിയിട്ടുണ്ട്. പ്രതിദിനം 960 കോടി ഡോളറിന്‍റെ ചരക്ക് സൂയസ് കനാൽ കടന്നുപോകുന്നുവെന്നാണ് കണക്ക്. അത് നിലക്കുന്നതോടെ കോടികളുടെ നഷ്ടമാണ് കമ്പനികൾക്കും അതുവഴി മറ്റുള്ളവർക്കും വരിക. മണിക്കൂറിൽ 3000 കോടി രൂപയുടെ നഷ്ടമാകും ഇങ്ങനെയുണ്ടാവുകയെന്നാണ് കണക്കുകൂട്ടൽ.
1869ൽ ആദ്യമായി തുറന്ന 193 കിലോമീറ്റർ ദൈർഘ്യമുള്ള സൂയസ് കനാൽ വഴിയാണ് ലോകത്തെ 12 ശതമാനം ആഗോള വ്യാപാരം നടക്കുന്നതെന്നാണ് കണക്കുകൂട്ടൽ. കടൽവഴിയുള്ള എണ്ണകടത്തിന്‍റെ 10 ശതമാനവും പ്രകൃതി വാതകത്തിന്‍റെ എട്ടുശതമാനവും ഇതുവഴി കടന്നുപോകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.