Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമരണം പതിയിരിക്കുന്ന...

മരണം പതിയിരിക്കുന്ന വഴിയിലൂടെ ഇന്ത്യ വിടുന്ന സ്വപ്നങ്ങൾ

text_fields
bookmark_border
മരണം പതിയിരിക്കുന്ന വഴിയിലൂടെ ഇന്ത്യ വിടുന്ന സ്വപ്നങ്ങൾ
cancel

ല്ലാവരെയും പോലെ മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ടാണ് ജഗദീഷ് പട്ടേലും കുടുംബവും സാഹസികവും വിദൂരവുമായ ആ യാത്രക്കിറങ്ങിയത്. അവരുടെ ജീവിതത്തി​ന്‍റെ അവസാന രാത്രിയിൽ പട്ടേലും ഭാര്യയും അവരുടെ രണ്ട് ചെറിയ കുട്ടികളും കനേഡിയൻ അതിർത്തിയുടെ ഏതാണ്ട് വിജനമായ ഒരു ഭാഗത്തുകൂടെ യു.എസിലേക്ക് കടക്കാൻ ശ്രമിച്ചു. മഞ്ഞുകാറ്റ് വീശിയടിക്കുന്ന 2022 ജനുവരിയിലെ ആ രാത്രിയിൽ തണുപ്പ് മൈനസ് 38 സെൽഷ്യസിലെത്തിയിരുന്നു. യു.എസിലേക്ക് കടത്താൻ തങ്ങളെ ദൂരെ അതിർത്തിയിൽ കാത്തുനിൽക്കുന്ന ഒരു വാനിനടുത്തേക്ക് കാൽനടയായി പുറപ്പെട്ടതായിരുന്നു ഇന്ത്യയിൽ നിന്നുള്ള ആ കുടുംബം. വിശാലമായ കൃഷിയിടങ്ങൾക്കും മഞ്ഞുവീഴ്ചകൾക്കും ഇടയിലൂടെ അവർ നടന്നു. ചന്ദ്രനില്ലാത്ത രാത്രിയുടെ കറുപ്പിൽ അവർ തപ്പിത്തടഞ്ഞു.

വടക്കൻ മിനസോട്ടയിൽ കാത്തുനിൽക്കുന്ന ഡ്രൈവർ ത​ന്‍റെ ബോസിന് സന്ദേശം അയച്ചു: എല്ലാവരും ഹിമപാതത്തെ നേരിടാൻ വസ്ത്രം ധരിച്ചിട്ടുണ്ടെന്ന് ദയവായി ഉറപ്പാക്കുക’. കനഡയിലെ കാര്യങ്ങൾ ഏകോപിപ്പിക്കുന്നത് ‘ഡേർട്ടി ഹാരി’ എന്ന വിളിപ്പേരുള്ള പരിചയസമ്പന്നനായ കള്ളക്കടത്തുകാരനായ ഹർഷ്കുമാർ പട്ടേലായിരുന്നുവെന്ന് ഫെഡറൽ പ്രോസിക്യൂട്ടർമാർ പറയുന്നു. യു.എസ് ഭാഗത്ത് അയാളുടെ സഹചാരിയായ സ്റ്റീവ് ഷാൻഡ് എന്നയാൾ ഉണ്ടായിരുന്നു. ഇന്നി​പ്പോൾ ഇവർ രണ്ടുപേരും പൊലീസ് കസ്റ്റഡിയിലാണ്. യു.എസിൽ അനധികൃതമായി താമസിക്കുന്ന ഇന്ത്യക്കാരുടെ അതിവേഗം വളരുന്ന ജനസംഖ്യയെ പോഷിപ്പിക്കുന്ന അത്യാധുനിക മനുഷ്യക്കടത്ത് ഓപ്പറേഷ​ന്‍റെ ഭാഗമാണെന്ന് ആരോപിക്കപ്പെട്ട ഈ രണ്ടുപേരുടെ വിചാരണ അടുത്തയാഴ്ച ആരംഭിക്കും. എന്നാൽ, ഇരുവരും കുറ്റം സമ്മതിച്ചിട്ടില്ല.

പ്രോസിക്യൂട്ടർമാർ സമർപ്പിച്ച രേഖകൾ അനുസരിച്ച് അവർ വിജനമായ അതിർത്തിയിലൂടെ നിരവധി ഇന്ത്യക്കാരെ കടത്തി. പലപ്പോഴും അതിജീവനം അസാധ്യമായ കൊടും തണുപ്പിനെക്കുറിച്ച് അവർ സംസാരിച്ചുവെന്ന് പറയുന്നു. ‘നരകത്തെപ്പോലെ 16 ഡിഗ്രി തണുപ്പാണ്. ഇവിടെ എത്തുമ്പോൾ അവർ ജീവിച്ചിരിക്കുമോ?’ ഒരു മനുഷ്യക്കടത്ത് യാത്രക്കിടെ ഷാൻഡ് ബോസിന് കൈമാറിയ സന്ദേശമായിരുന്നു ഇത്.

അവസാന യാത്രയിൽ 2022 ജനുവരി 19ന്, പട്ടേലുൾപ്പെടെ 11 ഇന്ത്യൻ കുടിയേറ്റക്കാരെ കൂടി ഷാൻഡിന് എടുക്കേണ്ടതായിരുന്നു. അതിലെ ഏഴുപേർ മാത്രമാണ് രക്ഷപ്പെട്ടത്. കനേഡിയൻ അധികൃതർ അന്ന് രാവിലെ പട്ടേൽ കുടുംബത്തെ തണുപ്പ് മൂലം മരിച്ച നിലയിൽ കണ്ടെത്തി. ജഗദീഷ് പട്ടേലി​ന്‍റെ മരവിച്ച കൈകളിൽ പുതപ്പിൽ പൊതിഞ്ഞ മൂന്നു വയസ്സുള്ള മകൻ ധാർമികി​ന്‍റെ മൃതദേഹം ഉണ്ടായിരുന്നു.

ജനുവരി 19ന് പുലർച്ചെ 3 മണി ആയപ്പോഴേക്കും 11കുടിയേറ്റക്കാർ മണിക്കൂറുകളോളം മഞ്ഞുവീഴ്ചയിലും ക്രൂരമായ തണുപ്പിലും അലഞ്ഞുതിരിഞ്ഞ് ഷാൻഡിനെ കണ്ടെത്താൻ ശ്രമിച്ചു. ചിലർ ജീൻസും റബ്ബർ ബൂട്ടുമണിഞ്ഞിരുന്നു. എന്നാൽ, ആരും കട്ടിയുള്ള ശൈത്യകാല വസ്ത്രങ്ങൾ ധരിച്ചിരുന്നില്ല. കുടിയേറ്റക്കാരെ എടുക്കാൻ വാടകക്കെടുത്ത വാനിനുമായി പോകവെ ഷാൻഡ് ഓടിച്ച വണ്ടി അതിർത്തിയിൽ നിന്ന് ഏകദേശം അര മൈൽ ദൂരെയുള്ള ഒരു കുഴിയിലേക്ക് വീണു. കുറച്ചു കഴിഞ്ഞപ്പോൾ അതുവഴി വന്ന പൈപ്പ്‌ലൈൻ കമ്പനിയുടെ തൊഴിലാളി വാഹനം കുഴിയിൽനിന്ന് വലിച്ചെടുത്തു. തൊട്ടുപിന്നാലെ, അതിർത്തിക്ക് സമീപം ബൂട്ടടയാളം കണ്ടെത്തിയതിനെത്തുടർന്ന് പരിശോധിച്ചെത്തിയ യു.എസ് ബോർഡർ പട്രോൾ ഏജന്‍റ് ഷാൻഡിനെ കണ്ടെത്തി വലിച്ചിഴച്ചു. ഹതാശരായി തങ്ങൾക്കുള്ള വാൻ തേടി 11പേർ സമീപത്തെവിടെയോ അലഞ്ഞുതിരിയുമ്പോഴും പുറത്ത് മറ്റാരുമില്ലെന്ന് ഷാൻഡ് അവരോട് ആവർത്തിച്ചു പറഞ്ഞു.

വാൻ കണ്ടെത്താനാവതെ11 മണിക്കൂറിലധികം പട്ടേലും ഭാര്യയും കുട്ടികളുമായി അലഞ്ഞു. ഒരാളുടെ കയ്യിൽ കളിപ്പാട്ടങ്ങളും കുട്ടികളുടെ വസ്ത്രങ്ങളും ഡയപ്പറുകളും നിറച്ച ഒരു ബാഗ് ഉണ്ടായിരുന്നു. മ​റ്റെയാൾ നടക്കാൻ കഴിയാത്ത ഇളയ കുട്ടിയെ ചുമന്നിരുന്നു. അവർക്കൊപ്പമുണ്ടായിരുന്ന ഇന്ത്യക്കാർ രാത്രിയിൽ എപ്പോഴോ വേർപിരിഞ്ഞിരുന്നു. മണിക്കൂറുകൾക്ക് ശേഷം, പട്ടേൽ കുടുംബത്തി​ന്‍റെ മൃതദേഹങ്ങൾ കനഡക്കകത്ത് കുടിയേറ്റക്കാർ യു.എസിലേക്ക് കടക്കുന്ന സ്ഥലത്തിനടുത്തുള്ള ഒരു വയലിൽ കണ്ടെത്തി. മകൾ വിഹാംഗിയോടൊപ്പം ജഗദീഷ് ധാർമികിനെ ചേർത്തു പിടിച്ചിരുന്നു. കുറച്ചു ദൂരത്തായാണ് വൈശാലിബെന്നി​ന്‍റെ മൃതദേഹം കിടന്നത്.

ഇന്ത്യൻ സംസ്ഥാനമായ ഗുജറാത്തിലെ പ്രശാന്ത ഗ്രാമമായ ഡിങ്കുച്ചയിലാണ് 39 കാരനായ ജഗദീഷ് പട്ടേൽ വളർന്നത്. 11 വയസ്സുള്ള മകൾ വിഹാംഗിയേയും ധർമികിനേയും വളർത്തി അദ്ദേഹവും 30കളുടെ മധ്യത്തിലുള്ള ഭാര്യ വൈശാലിബെനും മാതാപിതാക്കളോടൊപ്പം താമസിച്ചു. ദമ്പതികൾ സ്കൂൾ അധ്യാപകരായിരുന്നു. മുൻവശത്ത് നടുമുറ്റവും വിശാലമായ വരാന്തയുമുള്ള ഇരുനില വീട്ടിൽ താമസിച്ചിരുന്ന കുടുംബം സാമാന്യം നല്ല നിലയിലായിരുന്നു. അതൊരു ആഡംബര ജീവിതമായിരുന്നില്ല. എന്നാൽ, അടിയന്തര ആവശ്യങ്ങളോ പ്രതിസന്ധികളോ അവർക്കില്ലായിരുന്നു -ഗ്രാമത്തിൽ ദിവസങ്ങളോളം ചെലവഴിച്ച് റി​പ്പോർട്ട് തയ്യാറാക്കിയ റിപ്പോർട്ടർ വൈഭവ് ഝാ പറഞ്ഞു.

ഡിങ്കുച്ചയുടെ ചെറിയ തെരുവുകൾ വിദേശത്തേക്ക് പോകാനുള്ള പരസ്യങ്ങളാൽ നിറഞ്ഞിരിക്കുന്നു. ‘വിദേശത്തേക്ക് പോകാനുള്ള നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കൂ’ ‘മൂന്ന് ആവേശകരമായ ലക്ഷ്യസ്ഥാനങ്ങൾ ഇതാ..കാനഡ,ആസ്ത്രേലിയ,യു.എസ്.എ’ എന്നിങ്ങനെയാണവ. ഇവിടെ നിന്നാണ് കുടുംബത്തി​ന്‍റെ മാരകമായ യാത്ര തുടങ്ങിയത്.
അമേരിക്കൻ കുടിയേറ്റത്തിനുള്ള എല്ലാ കാര്യങ്ങളും നിയമപരമായി ചെയ്യാൻ വർഷങ്ങളോ പതിറ്റാണ്ടുകളോ എടുത്തേക്കാമെന്ന് വിദഗ്ധർ പറയുന്നു. ഇവിടെയാണ് അനധികൃത മനുഷ്യക്കടത്തു സംഘം പിടിമുറുക്കുന്നത്. ഇവർ മുന്നോട്ടുവെക്കുന്ന പാശ്ചാത്യ രാജ്യങ്ങളിലെ കുറഞ്ഞ വേതനമുള്ള ജോലികൾ പോലും മെച്ചപ്പെട്ട ജീവിതത്തിനുള്ള പ്രതീക്ഷകളെ ജ്വലിപ്പിക്കും. ആ പ്രതീക്ഷകളാണ് ഡിങ്കുച്ചയെ മാറ്റിയത്.

നിയമപരമായും അല്ലാതെയും നിരവധി ഗ്രാമീണർ വിദേശത്തേക്ക് പോയി. അവരു​ടെ വീടുകൾ ഒഴിഞ്ഞുകിടക്കുന്നു. മറുനാട്ടിൽ വീടുകളും കാറുകളും സ്വന്തമാക്കിയ പഴയ അയൽവാസികളുടെ സോഷ്യൽ മീഡിയ ഫീഡുകൾ ആണ് അവശേഷിക്കുന്നവർ കാണുന്നത്. അത് കൂടുതൽ ആളുകളെ സ്വന്തം മണ്ണ് വിട്ടുപോകാൻ പ്രേരിപ്പിക്കുന്നു. കൂടുതൽ മെച്ചപ്പെട്ട ജീവിതം ആഗ്രഹിക്കുന്ന ആളുകൾ അധികരിച്ച ഗ്രാമത്തിൽ അവശേഷിക്കുന്നവർക്കുമേൽ വളരെയധികം സമ്മർദ്ദമുണ്ടായിരുന്നു -ഝാ പറഞ്ഞു. അവരെ സഹായിക്കുന്നതിൽ കള്ളക്കടത്ത് ശൃംഖലകൾ സന്തോഷിച്ചു. ഒരാൾക്ക് 90,000 ഡോളറിൽ എത്താവുന്ന ഫീസ് ഈടാക്കി. ഡിങ്കുച്ചയി​ലെ പല കുടുംബങ്ങളും കൃഷിഭൂമി വിറ്റ് അത് നൽകിയതായും ഝാ പറയുന്നു.

മിനിയാപൊളിസ് ആസ്ഥാനമായുള്ള ഇമിഗ്രേഷൻ അഭിഭാഷകനാണ് സത്വീർ ചൗധരി. ചൂഷണത്തിനിരയായ കുടിയേറ്റക്കാരെ അദ്ദേഹം സഹായിച്ചിട്ടുണ്ട്. അവരിൽ പലരും ഗുജറാത്തികളാണ്. ഗുജറാത്തി ബിസിനസ് സമൂഹവുമായി ബന്ധമുള്ള കള്ളക്കടത്തുകാർ ഒരു അധോലോക ശൃംഖല കെട്ടിപ്പടുത്തു. കുറഞ്ഞതോ കൂലിയില്ലാത്തതോ ആയ ജോലികൾ ചെയ്യാൻ തയ്യാറുള്ള തൊഴിലാളികളെ അവിടെനിന്ന് കൊണ്ടുവന്നുവെന്ന് അദ്ദേഹം പറയുന്നു. അവരുടെ സ്വന്തം സമൂഹം അവരെ മുതലെടുത്തു-ചൗധരി പറഞ്ഞു.

ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റത്തി​ന്‍റെ തോത് വളരെക്കാലമായി നിലവിലുണ്ട്. എന്നാൽ, സമീപകാലത്തായി യു.എസ്-കാനഡ അതിർത്തിയിൽ ഇത് കുത്തനെ വർധിച്ചു. അടുത്തിടെ യു.എസ് ഭരണകൂടം തന്നെ മനുഷ്യക്കടത്ത് സംഘത്തി​ന്‍റെ ചൂഷണത്തിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:illegal immigrationImmigration IssueUS-Canada border
News Summary - Indian family froze to death crossing Canada-US border, perilous trip becoming more common
Next Story