'ഇന്ത്യയിലെ സർക്കാർ ഇസ്ലാമോഫോബിയ നിർമിക്കുന്നു'; ഇംറാൻ ഖാൻ ഐക്യരാഷ്ട്രസഭയിൽ
text_fieldsഇസ്ലാമാബാദ്: ഇന്ത്യയിലെ സർക്കാർ മുസ്ലിംകൾക്കെതിരെ വെറുപ്പും മുൻവിധിയും പ്രചരിപ്പിക്കുകയാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ ഐക്യരാഷ്ട്രസഭയിൽ. കശ്മീരിൽ നിയന്ത്രണം ശക്തമാക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ പാകിസ്താൻ അപലപിക്കുന്നതായും ഇംറാൻ കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ ഇസ്ലാമോഫോബിയ വ്യാപിക്കുകയാണെന്നും 20 കോടി മുസ്ലിംകൾ ജീവിക്കാൻ ഭീഷണി നേരിടുകയാണെന്നും യു.എൻ പൊതുസഭയിൽ സംസാരിക്കവേ ഇംറാൻ ഖാൻ അഭിപ്രായപ്പെട്ടു.
''സർക്കാർതന്നെ ഇസ്ലാമോഫോബിയ നിർമിക്കുന്ന ലോകരാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്നത് ഖേദകരമാണ്. ആർ.എസ്.എസ് പ്രത്യയ ശാസ്ത്രമാണ് ഇന്ത്യ ഭരിക്കുന്നത് എന്നതാണ് അതിൻെറ കാരണം. ഇന്ത്യ ഹിന്ദുക്കൾക്ക് മാത്രമുള്ളതാണെന്നും മറ്റുള്ളവർ തുല്യപൗരരല്ലെന്നും അവർ വിശ്വസിക്കുന്നു'' - ഇംറാൻ ഖാൻ അഭിപ്രായപ്പെട്ടു. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ വിഡിയോ കോൺഫറൻസിങ് വഴിയായിരുന്നു ഇംറാൻെറ പ്രസംഗം.
ഐക്യരാഷ്ട്ര സഭയിലെ രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിനുള്ള ശ്രമങ്ങൾ ഇന്ത്യ വീണ്ടും ശക്തമാക്കുന്നതിൻെറ സൂചനകൾ പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയിരുന്നു. ഇന്ത്യയെ എത്രകാലം മാറ്റിനിർത്താനാകുമെന്നും ഐക്യരാഷ്ട്ര സഭയിൽ കാലോചിതമായി മാറ്റമുണ്ടാകുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നുവെന്നും മോദി യു.എൻ പൊതുസഭയെ അഭിസംബോധന ചെയ്യവേ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.