അമേരിക്കയിലെ ഇന്ധനവില കുറച്ച് ഇന്ത്യക്കാരൻ!
text_fieldsവാഷിങ്ടൺ: ഇന്ത്യയിലെ ഇന്ധന വില കുറക്കാൻ ഇന്ത്യക്കാരന് പറ്റില്ലായിരിക്കാം. എന്നാൽ, ഒരു ഇന്ത്യക്കാരൻ അമേരിക്കയിലെ ഇന്ധനവില കുറച്ച വാർത്തയാണ് ഇപ്പോൾ ചർച്ചയാവുന്നത്. യു.എസിലെ അരിസോണയുടെ തലസ്ഥാനമായ ഫീനിക്സിലെ ഗ്യാസ് സ്റ്റേഷൻ ഉടമ ജസ്വീന്ദ്രെ സിങാണ് താരം. നഗരത്തിലെ മറ്റ് സ്റ്റേഷനുകളെ അപേക്ഷിച്ച് അര ഡോളർ വില കുറച്ചാണ് സിങിന്‍റെ ഗ്യാസ് വിൽപ്പന.
രാജ്യത്തുടനീളമുള്ള ഗ്യാസ് വില റെക്കോഡ് ഉയരത്തിൽ എത്തിയതോടെ ബുദ്ധിമുട്ടുന്ന സാധാരണക്കാരെ സഹായിക്കാനാണ് ഇൗ തീരുമാനമെന്നാണ് അദ്ദേഹം പറയുന്നത്. 5.19 ഡോളറിനാണ് ഒരു ഗാലൻ ഗ്യാസ് ഇദ്ദേഹം വിൽക്കുന്നത്. നഗരത്തിലെ ശരാശരി വില ഏകദേശം 5.68 ഡോളറാണ്. വലേറോ ഫുഡ് മാർട്ടിന്റെ ഉടമ കൂടിയായ സിങ്, രണ്ട് പതിറ്റാണ്ടിലേറെയായി ഫീനിക്സിലാണ് താമസിക്കുന്നത്. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.
താൻ എല്ലാ ദിവസവും പുലർച്ചെ നാല് മുതൽ അർദ്ധരാത്രി വരെ ജോലി ചെയ്യുന്നുണ്ടെന്നും ഭാര്യ രമൺദീപ് കൗർ സഹായത്തിന് ഒപ്പമുണ്ടെന്നും ജസ്വീന്ദ്രെ സിങ് പറയുന്നു. വസ്‌തുനികുതി മുതൽ ഇൻഷുറൻസ് തുകകളടക്കം വീട്ടിലും ജോലിസ്ഥലത്തുമായി ആയിരക്കണക്കിന് ഡോളറിന്‍റെ ചിലവുകൾ ഇദ്ദേഹത്തിനുണ്ട്. എന്നാൽ മറ്റുള്ളവരെ സഹായിക്കുക എന്നത് തന്‍റെ കടമയാണെന്നും സിഖ് മത മൂല്യങ്ങൾ ഗ്യാസ് വില കുറക്കാനുള്ള തീരുമാനത്തിന് കാരണമായെന്നും സിങ് പറഞ്ഞു.
നിങ്ങൾക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ അത് മറ്റുള്ളവരുമായി പങ്കിടണം'. മക്കളേയും ഇൗ ആശയം തന്നെയാണ് പഠിപ്പിക്കുന്നത്. ഗ്യാസ് സ്റ്റേഷനിലേക്ക് വരുന്ന കാറുകളെല്ലാം മെഴ്‌സിഡസ് അല്ല. ബുദ്ധുമുട്ടിയിരുന്ന കാലത്ത് നിരവധി പേർ എന്നെ സഹായിച്ചിരുന്നു. അതിനാൽ മറ്റുള്ളവർക്ക് പ്രതിസന്ധി ഉണ്ടാകുമ്പോൾ തനിക്ക് കിട്ടിയത് തിരികെ നൽകേണ്ടത് പ്രധാനമാണെന്ന് തോന്നി.
പണം എവിടെവെച്ചും എപ്പോൾ വേണമെങ്കിലും സമ്പാദിക്കാം. പക്ഷെ, ഇപ്പോൾ കൂടപ്പിറപ്പുകളെ സഹായിക്കാനുള്ള സമയമാണ്. ജസ്വീന്ദ്രെ സിങ് വ്യക്തമാക്കി. യുക്രെയിനിൽ നടക്കുന്ന യുദ്ധത്തിന്റെ ഭാഗമായി, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ നീങ്ങിയിരുന്നു. ഇതോടെ സമീപ മാസങ്ങളിൽ അമേരിക്കയിൽ ഗ്യാസ് വില ചരിത്രത്തിലെ ഉയർന്ന നിരക്കിലെത്തി. യുദ്ധം അവസാനിക്കാത്തതിനാൽ വില എപ്പോൾ കുറയുമെന്ന് വിദഗ്ധർക്കും ധാരണയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.