90 സെക്കൻഡിൽ 29 വാക്കുകൾ തെറ്റാതെ പറഞ്ഞ് നാഷനൽ സ്പെല്ലിങ് ബീ മത്സരത്തിൽ ജേതാവായി ഇന്ത്യൻ വംശജൻ -വിഡിയോ
text_fieldsന്യൂയോർക്: നാഷനൽ സ്പെല്ലിങ് ബീ മത്സരത്തിൽ ജേതാവായി ഇന്ത്യൻ വംശജനായ 12കാരൻ. ഫ്ലോറിഡയിലെ ഇന്ത്യൻ വിദ്യാർഥിയായ ബ്രഹത് സോമയാണ് 90 സെക്കൻഡിനുള്ളിൽ 29 വാക്കുകളുടെ സ്പെല്ലിങ് തെറ്റാതെ പറഞ്ഞ് ചാമ്പ്യനായത്. സോമക്ക് 50,000ഡോളർ(ഏതാണ്ട് 41.64 ലക്ഷം രൂപ)സമ്മാനമായി ലഭിച്ചു. ഇതോടൊപ്പം മറ്റ് സമ്മാനങ്ങളുമുണ്ട്.
30 വാക്കുകളാണ് സോമയുടെ മുന്നിൽ ഉണ്ടായിരുന്നത്. 90 സെക്കൻഡിനുള്ളിൽ 29 വാക്കുകളുടെ സ്പെല്ലിങ് കൃത്യമായി പറയാൻ ഈ മിടുക്കന് സാധിച്ചു. ഫൈനലിലെ മറ്റൊരു മത്സരാർഥിയായ ഫൈസാൻ സാക്കി 25 വാക്കുകളുടെ സ്പെല്ലിങ് പറഞ്ഞു. എന്നാൽ അതിൽ നാലെണ്ണത്തിന്റെ സ്പെല്ലിങ് തെറ്റായിരുന്നു.
2022ൽ 26 വാക്കുകളിൽ 22 എണ്ണത്തിന്റെ സ്പെല്ലിങ് തെറ്റാതെ പറഞ്ഞ് ചാമ്പ്യനായ ഹരിണി ലോഗന്റെ റെക്കോഡാണ് സോമ പഴങ്കഥയാക്കിയത്. ടെക്സാസിൽ നിന്നുള്ള സാക്കിക്ക് 25,000 ഡോളർ(ഏകദേശം 20.82 ലക്ഷം രൂപ) സമ്മാനമായി ലഭിച്ചു. കാലിഫോർണിയയിലെ ശ്രേയ് പരീഖ്, നോർത്ത് കരോലൈനയിലെ അനന്യ പ്രസന്ന എന്നിവർ മൂന്നാംസ്ഥാനത്തെത്തി. ഇരുവർക്കും 12,500 ഡോളർ സമ്മാനമായി ലഭിക്കും.
ഇത് മൂന്നാംതവണയാണ് സോമ സ്പെല്ലിങ് ബീ മത്സരത്തിൽ പങ്കെടുക്കുന്നത്. തെലങ്കാന സ്വദേശിയാണ് സോമയുടെ പിതാവ് ശ്രീനിവാസ് സോമ. 2022ൽ സോമക്ക് 163ാം സ്ഥാനമാണ് ലഭിച്ചത്. 2023ൽ 74ാം സ്ഥാനത്തെത്തി. 1925 മുതലാണ് നാഷനൽ സ്പെല്ലിങ് ബീ മത്സരങ്ങൾ സംഘടിപ്പിച്ചു തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.