നാലരക്കോടി ഡോളറിന്റെ നിക്ഷേപ തട്ടിപ്പ്, യു.എസിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ
text_fieldsവാഷിങ്ടൺ: യു.എസിൽ 4.5 കോടി ഡോളറിന്റെ (356 കോടി ഇന്ത്യൻ രൂപ) നിക്ഷേപ തട്ടിപ്പ് നടത്തിയ ഇന്ത്യൻ വംശജൻ അറസ്റ്റിൽ.
നെവാഡയിലെ ലാസ് വേഗാസിൽ താമസിക്കുന്ന ടെക് സംരംഭകൻ നീൽ ചന്ദ്രനാണ് (50) വൻ ലാഭം വാഗ്ദാനം ചെയ്ത് 10,000ലധികം നിക്ഷേപകരെ കബളിപ്പിച്ച കേസിൽ അറസ്റ്റിലായത്. തട്ടിയെടുത്ത തുക ഉപയോഗിച്ച് ആഡംബര കാറുകളും സ്വത്തുവകകളും വാങ്ങുകയാണ് ചെയ്തത്.
ലോസ് ആഞ്ജലസിൽ നിന്നാണ് നീൽ ചന്ദ്രനെ അറസ്റ്റ് ചെയ്തതെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു. മൂന്ന് വഞ്ചനക്കേസുകളും തട്ടിപ്പിലൂടെ ലഭിച്ച തുക ഉപയോഗിച്ച് വസ്തു ഇടപാട് നടത്തിയതിന് രണ്ട് കേസുകളുമാണ് നീൽചന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം കോടതിയിൽ തെളിഞ്ഞാൽ 30 വർഷത്തോളം തടവുശിക്ഷ ലഭിക്കും. ബാങ്ക് അക്കൗണ്ടുകൾ, വസ്തുക്കൾ, 39 ടെസ്‍ല വാഹനങ്ങൾ ഉൾപ്പെടെ 100 സ്വത്തുവകകൾ കണ്ടുകെട്ടുമെന്നും കുറ്റപത്രത്തിൽ പറയുന്നു.
ടെക്നോളജി കമ്പനി ഗ്രൂപ് ഉടമയായ നീൽ ചന്ദ്രൻ ഉയർന്ന വരുമാനം വാഗ്ദാനംചെയ്താണ് നിക്ഷേപകരെ കബളിപ്പിച്ച് പണംതട്ടിയത്.
വേഴ്സ് എന്ന പേരിന് കീഴിലുള്ള തന്റെ കമ്പനികളെ ശതകോടീശ്വരന്മാർ ഏറ്റെടുക്കാൻ പോവുകയാണെന്നും വൻ ലാഭം ഉണ്ടാകുമെന്നും നിക്ഷേപകർക്ക് വ്യാജ വാഗ്ദാനം നൽകുകയായിരുന്നു. ലഭിച്ച തുക മറ്റ് ബിസിനസുകളിലേക്ക് വകമാറ്റുകയും ബാക്കി ആഡംബരജീവിതത്തിന് ചെലവിടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.