ചൈൽഡ് പോൺ വെബ്‌സൈറ്റ് നടത്തിയ ഇന്ത്യൻ മനോരോഗ വിദഗ്‌ധന് ബ്രിട്ടനിൽ തടവ്
text_fieldsലണ്ടൻ: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങളുള്ള വെബ്‌സൈറ്റ് നടത്തിയ ഇന്ത്യൻ മനോരോഗ വിദഗ്‌ധന് യു.കെയിൽ ആറ് വർഷം തടവ്. സൗത്ത് ഈസ്റ്റ് ലണ്ടനിലെ ലെവിഷാമിലുള്ള ഡോ. കബീർ ഗാർഗിനെയാണ് (33) വൂൾവിച്ച് ക്രൗൺ കോടതി ശിക്ഷിച്ചത്. 7000ത്തോളം ചിത്രങ്ങളാണ് പൊലീസ് കണ്ടെടുത്തത്. ചിത്രങ്ങൾ പങ്കുവെച്ച ഡാർക്ക് വെബ്‌സൈറ്റിന്റെ മോഡറേറ്ററായി ഇയാൾ പ്രവർത്തിച്ചതിന് തെളിവുകളുണ്ട്. പ്രതി കുറ്റസമ്മതം നടത്തിയതായി കോടതി പറഞ്ഞു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് ഗാർഗ് നേരത്തെ ഇന്ത്യയിൽ വെച്ചും അറസ്റ്റിലായിരുന്നു.
കുട്ടികൾക്കെതിരായ ഭയാനകമായ കുറ്റകൃത്യങ്ങൾ പങ്കിടുകയും ചർച്ച ചെയ്യുകയും ചെയ്തിരുന്നതായി നാഷണൽ ക്രൈം ഏജൻസിയിലെ ആദം പ്രീസ്റ്റ്ലി പ്രസ്താവനയിൽ പറഞ്ഞു. ലഖ്‌നോവിലെ കിങ് ജോർജ് മെഡിക്കൽ യൂനിവേഴ്‌സിറ്റിയിൽനിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കിയ ഇയാൾ യു.കെയിലേക്ക് പോകുന്നതിന് മുമ്പ് ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ (നിംഹാൻസ്) ജോലി ചെയ്തിരുന്നു.
കഴിഞ്ഞ വർഷം നവംബറിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്‌തതുൾപ്പടെ എട്ട് കുറ്റങ്ങൾ ഡോ. കബീർ ഗാർഗി സമ്മതിച്ചു. ലോകമെമ്പാടും 90,000 അംഗങ്ങളുള്ള ദി അനെക്സ് സൈറ്റിന്റെ മോഡറേറ്റർമാരിൽ ഒരാളാണ് ഗാർഗ് എന്ന് അധികൃതർ പറഞ്ഞു. ദിവസവും നൂറുകണക്കിന് ലിങ്കുകളാണ് ഇവർ ഇതിൽ പോസ്റ്റ് ചെയ്തിരുന്നത്. ഡാർക്ക് വെബിൽ ഇത്തരം സൈറ്റുകളിൽ ലക്ഷക്കണക്കിന് പേർ അംഗങ്ങളായുണ്ട്. പണമടയ്ക്കാതെ തന്നെ ഇതുപയോഗിക്കാൻ കഴിയുന്നതുകൊണ്ട് തന്നെ ഒരുപാട് പേർ ഈ സൈറ്റ് സന്ദർശിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഏഴായിരത്തിലധികം അശ്ലീല ചിത്രങ്ങളും വീഡിയോകളും, 'എ സ്റ്റഡി ഓൺ ചൈൽഡ് അബ്യൂസ് ഇന്ത്യ' എന്ന തലക്കെട്ടിലടക്കം നിരവധി മെഡിക്കൽ ജേണൽ ലേഖനങ്ങളും അധികൃതർ കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.