Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജോർജ് ടൗൺ...

ജോർജ് ടൗൺ സർവകലാശാലയിലെ ഇന്ത്യൻ വംശജനായ ഗവേഷകനെ കസ്റ്റഡിയിലെടുത്ത് യു.എസ് അധികൃതർ; ​നടപടി വിദേശ നയത്തെ വിമർശിച്ചുവെന്നാരോപിച്ച്

text_fields
bookmark_border
ജോർജ് ടൗൺ സർവകലാശാലയിലെ ഇന്ത്യൻ വംശജനായ ഗവേഷകനെ കസ്റ്റഡിയിലെടുത്ത് യു.എസ് അധികൃതർ; ​നടപടി വിദേശ നയത്തെ വിമർശിച്ചുവെന്നാരോപിച്ച്
cancel

വാഷിംങ്ടൺ: ഇസ്രായേലിനോടുള്ള യു.എസിന്റെ വിദേശനയത്തെ എതിർത്തുവെന്നാരോപിച്ച് ജോർജ് ടൗൺ സർവകലാശാലയിലെ ഇന്ത്യൻ വംശജനായ ഗവേഷകൻ ബദർ ഖാൻ സൂരിയെ യു.എസ് ഇമിഗ്രേഷൻ അധികൃതർ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി വിർജീനിയയിലെ അദ്ദേഹത്തിന്റെ വീടിന് പുറത്ത് വെച്ചാണ് ‘മുഖംമൂടി ധരിച്ച ഏജന്റുമാർ’ സൂരിയെ അറസ്റ്റ് ചെയ്തതെന്നും ഇദ്ദേഹത്തെ നാടുകടത്താൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

സ്റ്റുഡന്റ് വിസ കൈവശമുള്ള അമേരിക്കൻ പൗരയെ വിവാഹം കഴിച്ച സൂരിയെ വിർജീനിയയിലെ റോസ്‌ലിനിലുള്ള അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് ഫെഡറൽ ഏജന്റുമാർ അറസ്റ്റ് ചെയ്തു. അദ്ദേഹം ഇപ്പോൾ ലൂസിയാനയിലെ അലക്സാണ്ട്രിയയിൽ തടവിലാണ്. ഇമിഗ്രേഷൻ അധികൃതർ കോടതിയിൽ ഹാജരാക്കാൻ കാത്തിരിക്കുകയാണെന്ന് സൂരിയുടെ അഭിഭാഷകനോട് സംസാരിച്ച വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് അറിയിച്ചു.

വാഷിംങ്ടൺ ഡി.സിയിലെ ജോർജ് ടൗൺ സ്കൂൾ ഓഫ് ഫോറിൻ സർവിസിലെ അൽവലീദ് ബിൻ തലാൽ സെന്റർ ഫോർ മുസ്‍ലിം-ക്രിസ്ത്യൻ അണ്ടർസ്റ്റാൻഡിംഗിലെ പോസ്റ്റ്ഡോക്ടറൽ ഫെലോ ആയ സൂരി, സമൂഹ മാധ്യമത്തിൽ ഹമാസ് അനുകൂല പ്രചാരണവും ജൂതവിരുദ്ധതയും പ്രചരിപ്പിച്ചതായി യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡി.എച്ച്.എസ്) ആരോപിച്ചു.

ഫോക്സ് ന്യൂസിന് ഡി.എച്ച്.എസ് നൽകിയ പ്രസ്താവന പ്രകാരം, യു.എസ് ‘തീവ്രവാദ സംഘടന’യായി പ്രഖ്യാപിച്ച ഹമാസുമായി സൂരിക്ക് ബന്ധമുണ്ടെന്ന് ഏജൻസി അവകാശപ്പെടുന്നു. എന്നാൽ, ഈ അവകാശവാദങ്ങളെ പിന്തുണക്കുന്ന നേരിട്ടുള്ള തെളിവുകളൊന്നും പ്രസ്താവനയിൽ ഉദ്ധരിച്ചിട്ടില്ല. വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലർ പോസ്റ്റ് ചെയ്ത ഡി.എച്ച്.എസ് പ്രസ്താവനയിൽ സൂരിയുടെ പ്രവർത്തനങ്ങൾ അദ്ദേഹത്തെ ‘നാടുകടത്താൻ’ അർഹനാക്കിയെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കണ്ടെത്തിയതായി പറയുന്നു.

എന്നാൽ, ആരോപണങ്ങൾ സൂരിയുടെ അഭിഭാഷകൻ തള്ളിക്കളഞ്ഞു. സംഘർഷ പരിഹാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പ്രഗത്ഭനായ പണ്ഡിതൻ തങ്ങളുടെ വിദേശനയത്തിന് അനുയോജ്യമല്ലെന്ന് സർക്കാർ തീരുമാനിക്കുന്ന ആളാണെങ്കിൽ പ്രശ്നം പണ്ഡിതന്റേതല്ല, സർക്കാറിന്റേതാണെന്ന് അദ്ദേഹം പ്രതികരിച്ചു.

ജോർജ്ടൗൺ സർവകലാശാലയിൽ ഫാക്കൽറ്റി അംഗമായി സൂരി പ്രവർത്തിക്കുന്നുണ്ട്. അവിടെ ദക്ഷിണേഷ്യയിലെ ഭൂരിപക്ഷവാദവും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തിൽ കോഴ്‌സ് പഠിപ്പിക്കുന്നു. ഒരു ഇന്ത്യൻ സർവകലാശാലയിൽ നിന്ന് സമാധാന- സംഘർഷ പഠനങ്ങളിൽ അദ്ദേഹം പി.എച്ച്.ഡി നേടിയിട്ടുണ്ട്. സംഘർഷ പരിഹാര വിഷയങ്ങളിലാണ് സൂരിയുടെ ഗവേഷണം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഇസ്രായേലിന്റെ ഗസ്സാ ആക്രമണത്തിനെതിരെ ഫലസ്തീൻ അനുകൂല പ്രകടനങ്ങളിൽ ഏർപ്പെട്ട വിദേശ പൗരന്മാരെ നാടുകടത്താൻ ട്രംപ് ഭരണകൂടം നടത്തുന്ന വിപുല ശ്രമങ്ങൾക്കിടയിലാണ് അറസ്റ്റ്. ഭരണകൂടത്തിന്റെ നടപടികൾ പൗരാവകാശ സംഘടനകളിൽ നിന്നും അഭിഭാഷക സംഘടകളിൽനിന്നും വിമർശനത്തിന് വിധേയമായിട്ടുണ്ട്. ആരോപണങ്ങൾക്ക് പിന്തുണ നൽകുന്ന തെളിവുകൾ കുറവായതിനാൽ രാഷ്ട്രീയ പ്രവർത്തകരെയും വിദേശ വിദ്യാർത്ഥികളെയും അന്യായമായി ലക്ഷ്യമിടുന്നുവെന്ന് അവർ വാദിക്കുന്നു.

സൂരിയെ തടങ്കലിൽ വച്ചതിന്റെ കാരണം സ്ഥാപനത്തെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് നിയമവിരുദ്ധമായ പ്രവർത്തനങ്ങളൊന്നും ഉള്ളതായി അറിയില്ലെന്നും ജോർജ്ടൗൺ സർവകലാശാലയുടെ വക്താവ് പറഞ്ഞു. സൂരിയുടെ ഭാര്യയും ഗസ്സയിൽ നിന്നുള്ള യു.എസ് പൗരയുമായ മാഫിസ് സാലിഹിനെ കസ്റ്റഡിയിലെടുത്തിട്ടില്ല.

ഈ മാസം ആദ്യം, ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് കൊളംബിയ യൂനിവേഴ്‌സിറ്റി വിദ്യാർഥിയായ മഹ്മൂദ് ഖലീലിനെ ട്രംപ് ഭരണകൂടം അറസ്റ്റ് ചെയ്ത് നാടുകടത്താൻ ശ്രമിച്ചു. സൂരിയെപ്പോലെ, ഖലീലും ഹമാസിനെ പിന്തുണക്കുന്നുവെന്നാണ് ഭരണകൂടം ആരോപിക്കുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ അഭിഭാഷക സംഘം ഇത് നിഷേധിച്ചിട്ടുണ്ട്. ഖലീൽ നിലവിൽ കോടതിയിൽ തന്റെ തടങ്കലിനെ ചോദ്യം ചെയ്യുകയാണ്.

കൊളംബിയ യൂനിവേഴ്‌സിറ്റിയിലെ ഫുൾബ്രൈറ്റ് ഗ​േവഷകയായ മറ്റൊരു ഇന്ത്യൻ വംശജയായ രഞ്ജനി ശ്രീനിവാസന്റെ വിദ്യാർത്ഥി വിസ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് റദ്ദാക്കിയതിനെത്തുടർന്ന് അവർക്ക് രാജ്യം വിടേണ്ടിവന്നു. ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് രഞ്ജിനി​ ശ്രീനിവാസനെ ‘തീവ്രവാദ അനുഭാവി’യായി ചിത്രീകരിക്കുകയും ഹമാസിനെ പിന്തുണച്ച് അക്രമത്തിന് വേണ്ടി വാദിക്കുന്നതായി ആരോപിക്കുകയും ചെയ്യുകയുണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DetainedTrump govtGeorgetown UniversityBadar Khan SuriIndian Scholar
News Summary - Indian scholar at Georgetown University detained over ‘Hamas ties’ amid Trump’s crackdown on pro-Palestine protests
Next Story