രണ്ടാം താവളത്തിലെ ഇന്ത്യൻ സൈനികർ ഏപ്രിലിൽ മടങ്ങുമെന്ന് മാലദ്വീപ് പ്രസിഡന്റ്
text_fieldsമാലെ: മാലദ്വീപിലെ രണ്ടാം പ്ലാറ്റ്ഫോമിൽ ഇപ്പോഴും തുടരുന്ന ഇന്ത്യൻ സൈനികർ ഏപ്രിലോടെ തിരിച്ചുപോകുമെന്നും സൈനിക പിന്മാറ്റപ്രക്രിയ മേയ് 10നകം പൂർത്തിയാകുമെന്നും പ്രസിഡന്റ് മുഹമ്മദ് മുയിസു പറഞ്ഞു. മാലദ്വീപിന് ഇന്ത്യ നൽകിയ ഹെലികോപ്റ്ററിൽ സേവനത്തിനുണ്ടായിരുന്ന ആദ്യസംഘം മൂന്നാഴ്ച മുമ്പ് മടങ്ങിയിരുന്നു. 25 സൈനികരാണ് അന്ന് തിരിച്ചുപോന്നത്.
ഹെലികോപ്റ്റർ പ്രവർത്തനം സൈനികരല്ലാത്ത ഒരു സംഘം ഇന്ത്യക്കാർക്ക് കൈമാറിയിരുന്നു. രണ്ട് ഹെലികോപ്റ്ററുകളും ഒരു ഡോർണിയർ വിമാനവുമാണ് ഇന്ത്യയുടെതായി രാജ്യത്തുണ്ടായിരുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മെഡിക്കൽ സേവനങ്ങൾക്കുമാണ് ഇവ പ്രയോജനപ്പെടുത്തിയിരുന്നത്. അവക്കായി 86 സൈനികരും രാജ്യത്തുണ്ടായിരുന്നു. ഫെബ്രുവരി രണ്ടിന് ഉഭയകക്ഷി ചർച്ചയിൽ ഇന്ത്യൻ സൈനിക പിന്മാറ്റത്തിന് ധാരണയായിരുന്നു. ചൈനയോട് കൂടുതൽ അടുപ്പം കാണിക്കുന്ന മുയിസു കഴിഞ്ഞ വർഷമാണ് അധികാരമേറിയത്.
ഇന്ത്യവിരുദ്ധ വികാരമുണർത്തി അധികാരമേറി മണിക്കൂറുകൾക്കകം ദ്വീപുരാജ്യത്തെ ഇന്ത്യൻ സൈനികർ പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബെയ്ജിങ്ങിൽ ചൈനീസ് നേതൃത്വത്തെ കണ്ട അദ്ദേഹം അവരുമായി സഹകരണം ശക്തമാക്കുന്നതായും റിപ്പോർട്ടുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.