യു.എസിൽ ഇന്ത്യൻ വിദ്യാർഥിക്ക് ക്രൂരപീഡനം; ബന്ധു ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
text_fieldsവാഷിങ്ടൺ: മിസൂറിയിൽ ഏഴു മാസത്തോളം ക്രൂരപീഡനത്തിനിരയായ 20കാരനായ ഇന്ത്യൻ വിദ്യാർഥിയെ രക്ഷപ്പെടുത്തി യു.എസ് അധികൃതർ. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ ബന്ധുവും സുഹൃത്തുക്കളുമുൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി.
വെങ്കടേശ് ആർ. സത്തരു, ശ്രാവൺ വർമ, നിഖിൽ വർമ എന്നിവരെയാണ് ബുധനാഴ്ച സെൻറ് ചാൾസ് കൗണ്ടിയിൽനിന്ന് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ മനുഷ്യക്കടത്ത്, തട്ടിക്കൊണ്ടുപോകൽ, പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. ശരീരത്തിലുടനീളം പരിക്കും പൊട്ടലുമായി യുവാവിനെ ആശുപത്രിൽ പ്രവേശിപ്പിച്ചു.നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് വിദ്യാർഥിയെ അധികൃതർ രക്ഷപ്പെടുത്തിയത്.
ഒന്നാം പ്രതി സത്തരുവാണ് (35) ഇരയായ യുവാവിന്റെ ബന്ധു. സംഭവം തികച്ചും മനുഷ്യത്വരഹിതവും മനഃസാക്ഷിയില്ലാത്തതുമാണെന്ന് യു.എസ് അധികൃതർ പറഞ്ഞു. പ്രതികൾ യുവാവിനെ നിരന്തരം മർദിക്കുകയും പലപ്പോഴും രാപ്പകലില്ലാതെ പണിയെടുപ്പിക്കുകയും ചെയ്തു. കെട്ടിടത്തിന്റെ അടിഭാഗത്ത്, ശുചിമുറി സൗകര്യം പോലുമില്ലാത്ത സ്ഥലത്താണ് പാർപ്പിച്ചിരുന്നത്. ഉറങ്ങാൻ അനുവദിച്ചതാകട്ടെ, മൂന്ന്-നാല് മണിക്കൂറുകൾ മാത്രം. പഠനം സ്വപ്നം കണ്ട് അമേരിക്കയിലെത്തിയ യുവാവ് ഈ സംഘത്തിന്റെ വലയിൽപെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.