ഇന്ത്യൻ പ്രതിനിധി സംഘം താലിബാനുമായി ചർച്ച നടത്തി; സഹായം വാഗ്ദാനം ചെയ്തുവെന്ന് റിപ്പോർട്ട്
text_fieldsമോസ്കോ: ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധി സംഘം താലിബാനുമായി ചർച്ച നടത്തി. റഷ്യയുടെ നേതൃത്വത്തിൽ മോസ്കോയിൽ വിളിച്ചു ചേർത്ത ചർച്ചയിലാണ് ഇന്ത്യൻ സംഘം താലിബാനുമായി സംസാരിച്ചത്. ഇരു രാജ്യങ്ങൾക്കുമിടയിൽ സാമ്പത്തികവും നയപരവുമായ ബന്ധം വികസിപ്പിക്കുകയാണെന്നാണ് താലിബാൻ പ്രതിനിധി ഇന്ത്യയുമായുള്ള ചർച്ചയെ വിശേഷിപ്പിച്ചത്. എന്നാൽ, ഇതു സംബന്ധിച്ച് ഇന്ത്യ ഔദ്യോഗിക പ്രതികരണമൊന്നും നൽകിയിട്ടില്ല. അതേസമയം, ഇരു രാജ്യങ്ങൾക്കുമിടയിൽ ചർച്ച നടന്നതായി 'ദ ഹിന്ദു', 'എകണോമിക് ടൈംസ്' തുടങ്ങിയ മാധ്യമങ്ങൾ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സ്ഥിരീകരിച്ചു.
വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി ജെ.പി സിങ്ങാണ് ചർച്ചയിൽ ഇന്ത്യൻ സംഘത്തെ നയിച്ചത്. താലിബാൻ ഉപപ്രധാനമന്ത്രി അബ്ദുസലാം ഹനഫി, വക്താവ് സബീഹുല്ല മുജാഹിദ് തുടങ്ങിയവരാണ് താലിബാനെ പ്രതിനിധീകരിച്ചത്.
അഫ്ഗാന് സഹായങ്ങൾ നൽകാനുള്ള സന്നദ്ധത ഇന്ത്യ പ്രകടിപ്പിച്ചതായി താലിബാനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭക്ഷ്യധാന്യ പ്രതിസന്ധിയുള്ള അഫ്ഗാന് ഗോതമ്പ് നൽകാൻ ഇന്ത്യ ആലോചിക്കുന്നുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. അതേസമയം, ഇന്ത്യ ഈ വാർത്തയോട് പ്രതികരിച്ചിട്ടില്ല.
റഷ്യ മുൻകൈയ്യെടുത്ത് സംഘടിപ്പിച്ച ചർച്ചയിൽ പത്തുരാജ്യങ്ങൾ താലിബാനുമായി സംസാരിച്ചു. ചൈന, ഇറാൻ, റഷ്യ, പാകിസ്താൻ, കസാക്കിസ്താൻ, കിർഗിസ്താൻ, തുർക്കുമെനിസ്താൻ, താജികിസ്താൻ, ഉസ്ബെക്കിസ്താൻ എന്നീ രാജ്യങ്ങളും താലിബാനുമായുള്ള ചർച്ചയിൽ പെങ്കടുത്തു. അയൽരാജ്യങ്ങൾക്കെതിരായ ഭീകര പ്രവർത്തനത്തിന് അഫ്ഗാന്റെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ചർച്ചയിൽ പെങ്കടുത്ത രാജ്യങ്ങൾക്ക് താലിബാൻ ഉറപ്പു നൽകി.
റഷ്യയുടെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത ചർച്ചയിൽ നിന്ന് അമേരിക്ക നേരത്തെ പിൻമാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.