മോദി വിരുദ്ധ പോസ്റ്റ്; മാലദ്വീപിലേക്കുള്ള വിമാന ബുക്കിങ് റദ്ദാക്കി പ്രമുഖ ട്രാവൽ കമ്പനി
text_fieldsന്യൂഡൽഹി: ലക്ഷദ്വീപ് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മൂന്നു മന്ത്രിമാർ അധിക്ഷേപിച്ചതിനു പിന്നാലെ മാലദ്വീപിലേക്കുള്ള എല്ലാ ഫ്ലൈറ്റ് ബുക്കിങ്ങുകളും റദ്ദാക്കി പ്രമുഖ ട്രാവൽ കമ്പനിയായ ഈസ് മൈ ട്രിപ്പ്. ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഈസ് മൈ ട്രിപ്പ് മാലദ്വീപിലേക്കുള്ള എല്ലാ വിമാന ബുക്കിങ്ങുകളും റദ്ദാക്കിയതായി കമ്പനി സി.ഇ.ഒ നിഷാന്ത് പിറ്റി 'എക്സിൽ' കുറിച്ചു.
'വിസിറ്റ് ലക്ഷദ്വീപ്' കാമ്പയിനും കമ്പനി തുടക്കം കുറിച്ചു. പോസ്റ്റ് വിവാദമായതിനു പിന്നാലെ യുവജന മന്ത്രാലയത്തിലെ മൂന്ന് ഡെപ്യൂട്ടി മന്ത്രിമാരെ മാലദ്വീപ് സസ്പെൻഡ് ചെയ്തിരുന്നു. യുവജന മന്ത്രാലയത്തിലെ ഡെപ്യൂട്ടി മന്ത്രിമാരായ മൽഷ ശരീഫ്, മറിയം ഷിയൂന, അബ്ദുല്ല മഹ്സൂം മാജിദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അധിക്ഷേപത്തിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കുകയും വിവാദം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ഉലച്ചിലുണ്ടാക്കുകയും മാലദ്വീപിനെ ബഹിഷ്കരിക്കാൻ ബോളിവുഡ് താരങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സെലിബ്രിറ്റികൾ സമൂഹ മാധ്യമ കാമ്പയിൻ തുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് ദ്വീപ് രാജ്യത്തിന്റെ നടപടി.
ലക്ഷദ്വീപ് സന്ദര്‍ശനത്തിനു പിന്നാലെ മോദി പങ്കുവെച്ച ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടർന്ന് മാലദ്വീപിന് ബദലായി ലക്ഷദ്വീപിനെ വിനോദ സഞ്ചാര കേന്ദ്രമാക്കാനാണ് മോദി ലക്ഷ്യമിടുന്നത് എന്നതരത്തിൽ ചര്‍ച്ചകളും തുടങ്ങി. ഇതിനു പിന്നാലെയാണ് മോദിയുടെ ചിത്രം പങ്കുവെച്ച് മന്ത്രി മറിയം ഷിയൂന എക്സിൽ വിവാദ പോസ്റ്റിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.