സഹായമഭ്യർത്ഥിച്ച് യു.എസിൽ നിന്ന് നാടുകടത്തിയ ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാർ
text_fieldsപനാമ സിറ്റി: വിവിധ രാജ്യങ്ങളിലെ 300- ഓളം അനധികൃത കുടിയേറ്റക്കാരെ പനാമയിലേക്ക് കഴിഞ്ഞ ദിവസമാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാടുകടത്തിയത്. ഇറാൻ, നേപ്പാൾ, ശ്രീലങ്ക, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെയാണ് പനാമയിൽ തടവിൽ വച്ചിരിക്കുന്നത്.
സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങും വരെ പനാമയിൽ കഴിയണമെന്നാണ് കുടിയേറ്റക്കാർക്ക് നൽകിയിട്ടുള്ള അറിയിപ്പ്. അതേസമയം ഹോട്ടലിൽ പാർപ്പിച്ചിരിക്കുന്ന ഇന്ത്യക്കാരടക്കമുള്ളവര്‍ 'ഞങ്ങളെ സഹായിക്കൂ' എന്നെഴുതിയ പോസ്റ്ററുകളുമായി ഹോട്ടൽ മുറികളുടെ ജനാലകളിൽ നിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ ചർച്ചയാവുകയാണ്.
ഹോട്ടലിലുളളവരെ രാജ്യങ്ങളിലേക്ക് സ്വമേധയാ മടങ്ങാൻ ഇതുവരെ ഇവരെ അനുവദിച്ചിട്ടില്ല. മറ്റ് അന്താരാഷ്ട്ര സംഘടനകളുമായി ബന്ധപ്പെട്ട് എല്ലാവരെയും അവരവരുടെ രാജ്യങ്ങളിലേക്ക് മടക്കിയയയ്ക്കുമെന്നും അതുവരെ പനാമയിൽ കഴിയണമെന്നുമാണ് ട്രംപിന്റെ ഉത്തരവ്. പനാമയും യുഎസും തമ്മിലുള്ള കുടിയേറ്റ കരാറിന്റെ ഭാഗമായി കുടിയേറ്റക്കാർക്ക് വൈദ്യസഹായവും ഭക്ഷണവും എത്തിക്കുമെന്ന് പനാമ സുരക്ഷാ മന്ത്രി ഫ്രാങ്ക് അബ്രെഗോ അറിയിച്ചു. അമേരിക്കയിലുള്ള അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാൻ ഒരു പാലമായി പ്രവർത്തിക്കാമെന്ന് പനാമ നേരത്തെ സമ്മതിച്ചിരുന്നു. ഇതിനുള്ള ചെലവുകൾ അമേരിക്കയാണ് വഹിക്കുന്നത്.
നാടുകടത്തപ്പെട്ട 299 പേരിൽ 171 പേർ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെയും യുഎൻ അഭയാർത്ഥി ഏജൻസിയുടെയും സഹായത്തോടെ സ്വമേധയാ അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങാൻ സമ്മതിച്ചിട്ടുണ്ടെന്നും എന്നാൽ, തടവിൽ കഴിയുന്ന 40 ശതമാനം ആളുകളും സ്വമേധയാ മടങ്ങിപ്പോകാൻ തയ്യാറല്ലാത്തവരാണെന്നാണ് പനാമ അധികൃതർ വ്യക്തമാക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.