യുക്രെയ്ൻ അതിർത്തി കടക്കാൻ ബുദ്ധിമുട്ടി ഇന്ത്യക്കാർ; മാർഗനിർദേശങ്ങൾ പുതുക്കി എംബസി
text_fieldsകിയവ്: യുക്രെയ്നിൽനിന്ന് അതിർത്തി രാജ്യങ്ങളിലേക്ക് കടക്കാൻ ബുദ്ധിമുട്ടി ഇന്ത്യക്കാർ. കിഴക്കൻ മേഖലയിലുള്ളവരാണ് കൂടുതൽ ദുരിതം നേടുന്നത്. വാഹനങ്ങൾ ലഭ്യമല്ലാത്തതാണ് പ്രധാന പ്രശ്നം.
അതേസമയം, പോളണ്ട് അതിർത്തിയിൽ എത്തുന്നവർക്കുള്ള മാർഗനിർദേശം ഇന്ത്യൻ എംബസി പുതുക്കി. ഒന്നിച്ച് പോളണ്ടിൽ എത്തുന്നത് ഒഴിവാക്കണം, രണ്ട് പോയിന്റുകൾ വഴിയേ ഇന്ത്യക്കാർ പോകാവൂ, സുരക്ഷിതമെങ്കിൽ തൽക്കാലം താമസസ്ഥലങ്ങളിൽ തുടരണം, രാത്രി എത്തുന്നത് ഒഴിവാക്കണം, അതിർത്തിയിലേക്ക് പോകുന്നതിന് മുമ്പായി എംബസിയെ അറിയിക്കണം എന്നീ കാര്യങ്ങളാണ് മാർഗനിർദേശത്തിലുള്ളത്.
എല്ലാ ഇന്ത്യൻ പൗരന്മാരും അതിർത്തി പോസ്റ്റുകളിലെയും കിയവിലെ ഇന്ത്യൻ എംബസിയുടെ എമർജൻസി നമ്പറുകളിലും വിളിച്ച് ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരുമായി ഏകോപനം നടത്തണം. എന്നിട്ട് മാത്രമേ അതിർത്തി പോസ്റ്റുകളിലേക്ക് പോകാൻ പാടുള്ളൂ.
വിവിധ അതിർത്തി ചെക്ക്‌പോസ്റ്റുകളിലെ സാഹചര്യം ഗുരുതരമാണ്. പൗരന്മാരെ ഏകോപിപ്പിച്ച് ഒഴിപ്പിക്കാൻ അയൽ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. മുൻകൂർ അറിയിപ്പില്ലാതെ അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ എത്തുന്ന ഇന്ത്യൻ പൗരന്മാരെ സഹായിക്കാൻ എംബസി കൂടുതൽ ബുദ്ധിമുട്ടുകയാണ്. ഇതൊഴിവാക്കാനാണ് മുൻകൂട്ടി അറിയിക്കണമെന്ന് നിർദേശിക്കുന്നത്.
യുക്രെയ്നിലെ പടിഞ്ഞാറൻ നഗരങ്ങളിൽ വെള്ളം, ഭക്ഷണം, താമസ സൗകര്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലഭിക്കാൻ നിലവിലെ സാഹചര്യത്തിൽ വലിയ ബുദ്ധിമുട്ടില്ല. അതിർത്തി ചെക്ക് പോയിന്റുകളിൽ എത്തിച്ചേരുന്നതുമായി താരതമ്യം ചെയ്യുമ്പോൾ തൽസ്ഥാനത്ത് തുടരുന്നതാണ് ഉചിതം.
നിലവിൽ കിഴക്കൻ ഭാഗത്തുള്ളവരോടെല്ലാം അവിടെ തുടരാൻ എംബസി അഭ്യർത്ഥിച്ചു. കൂടുതൽ നിർദേശങ്ങൾ ഉണ്ടാകുന്നതുവരെ അവരുടെ താമസ സ്ഥലങ്ങളിൽ കഴിയണം. അനാവശ്യ യാത്രകൾ ഒഴിവാക്കണം. എല്ലായ്‌പ്പോഴും ജാഗ്രത പാലിക്കണം. ചുറ്റുപാടുകളെക്കുറിച്ചും അവിടെ നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ചും ബോധവാൻമാരായിരിക്കാനും എംബസി ഓർമിപ്പിച്ചു.
എംബസി കൺട്രോൾ റൂം: +4860 6700105, +482254 00000, വിവേക് സിങ്: +48881551273, രഞ്ജിത് സിങ്: +48575 762557.
അതേസമയം, യുക്രെയ്നിൽനിന്നുള്ള ആദ്യ സംഘം ഉച്ചയോടെ ഇന്ത്യയിലെത്തും. രണ്ട് വിമാനങ്ങളിലായി 470 പേരാണുള്ളത്. ഇതിൽ 17 മലയാളികളുമുണ്ട്. കൂടുതൽ പേരെ തിരികെ എത്തിക്കാനായി വിമാനങ്ങൾ ഹംഗറിയിലേക്കും റൊമാനിയയിലേക്കും പോളണ്ടിലേക്കും അയക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.