ഇന്തോനേഷ്യ; ദുരന്തം പതിവായ ദ്വീപ് രാഷ്ട്രം
text_fieldsജകാർത്ത: ഭൂമിശാസ്ത്രപരമായ കിടപ്പ് കാരണം ഇന്തോനേഷ്യയിൽ ഭൂകമ്പവും അഗ്നിപർവത സ്ഫോടനവും പതിവ്. പരന്നുകിടക്കുന്ന ദ്വീപ് രാഷ്ട്രത്തിൽ ഇടക്കിടെ ഭൂകമ്പം ഉണ്ടാകാറുണ്ട്. പസഫിക്കിലെ അഗ്നിപർവതങ്ങളുടെ കമാനമായ 'റിങ് ഓഫ് ഫയർ' എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭാഗത്താണ് ഇന്തോനേഷ്യ സ്ഥിതിചെയ്യുന്നത്.
തലസ്ഥാനമായ ജകാർത്ത ഉൾപ്പെടെ ജാവ ദ്വീപിലെ സിയാൻജുർ മേഖലയിലാണ് തിങ്കളാഴ്ച ഭൂകമ്പമുണ്ടായത്. തുടർചലനം ആവർത്തിക്കുന്നതിനാൽ ജനങ്ങളോട് കെട്ടിടത്തിൽ കയറരുതെന്നാണ് നിർദേശിച്ചിട്ടുള്ളത്. നാശനഷ്ടമുണ്ടാക്കിയ വലിയ ഭൂചലനത്തിനുശേഷം രണ്ടുമണിക്കൂറിനുള്ളിൽ 25 തുടർ ചലനമുണ്ടായതായാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. കനത്ത മഴ തുടരുന്നതിനാൽ മണ്ണിടിച്ചിൽ ഭീഷണിയുമുണ്ട്. നിരവധി കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്.
ഇവക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ശ്രമം തുടരുന്നു. സിയാൻജുർ നഗരത്തിലെ സയാങ് ആശുപത്രിയിൽ വൈദ്യുതി ബന്ധം നിലച്ചതിനാൽ പരിക്കേറ്റവർക്ക് ശസ്ത്രക്രിയ നടത്താൻ കഴിയുന്നില്ല. തുടർ ചലനങ്ങളിൽ ജനം ഭീതിദരാണ്. 27 കോടി ജനസംഖ്യയുള്ള രാജ്യത്ത് ഇടക്കിടെ ഭൂചലനം സംഭവിക്കാറുണ്ട്. കഴിഞ്ഞ ജനുവരിയിൽ നൂറിലധികം പേരും ഫെബ്രുവരിയിൽ 25 പേരും രാജ്യത്ത് ഭൂചലനത്തിൽ കൊല്ലപ്പെട്ടു. 2004ലെ സൂനാമിയിൽ ഇന്തോനേഷ്യയിൽ രണ്ടേകാൽ ലക്ഷം പേരാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.