ഇന്തോനേഷ്യൻ ഭൂകമ്പം: മരണം 268 ആയി
text_fieldsജകാർത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 268 ആയി. കൂടുതൽ മൃതദേഹങ്ങൾ തകർന്ന കെട്ടിടങ്ങൾക്കടിയിൽനിന്ന് കണ്ടെത്തി. 151 പേരെ ഇപ്പോഴും കാണാനില്ലെന്ന് ദേശീയ ദുരന്തനിവാരണ ഏജൻസി അറിയിച്ചു. 1083 പേർക്ക് പരിക്കേറ്റതായി ഏജൻസി മേധാവി സുഹര്യാന്തോ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 22,000 വീടുകൾക്ക് കേടുപാടുണ്ടായി. 58,000ത്തിലധികം പേരെ മേഖലയിലെ പലയിടങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചു.
പടിഞ്ഞാറൻ ജാവയിലെ സിയാൻജൂർ നഗരത്തിനു സമീപം തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്.
സിയാൻജൂറിന്‍റെ വടക്കുപടിഞ്ഞാറുള്ള സിജെഡിൽ ഗ്രാമത്തിൽ ഭൂകമ്പത്തെത്തുടർന്ന് മണ്ണിടിച്ചിലുണ്ടായി തെരുവുകളിൽ തടസ്സമുണ്ടാകുകയും നിരവധി വീടുകൾ മണ്ണിനടിയിലാവുകയും ചെയ്തതായി നാഷനൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഏജൻസി മേധാവി ഹെൻറി അൽഫിയാണ്ടി പറഞ്ഞു.
മരിച്ചവരിൽ ഭൂരിഭാഗവും പബ്ലിക് സ്കൂൾ വിദ്യാർഥികളാണെന്ന് പശ്ചിമ ജാവ ഗവർണർ റിദ്വാൻ കാമിൽ പറഞ്ഞു. ഭൂകമ്പം ഉച്ചക്ക് ഒന്നിനായതിനാൽ വിദ്യാർഥികൾ സ്കൂളുകളിൽതന്നെയുണ്ടായിരുന്നതാണ് അപകടതീവ്രത കൂട്ടിയത്. വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ച 13,000ലധികം ആളുകളെ അഭയകേന്ദ്രങ്ങളിലേക്കു മാറ്റിയതായി കാമിൽ പറഞ്ഞു.
ദുരന്തത്തിൽ മരിച്ചവരോടും കുടുംബങ്ങളോടും അഗാധമായ അനുശോചനം അറിയിക്കുന്നതായി ചൊവ്വാഴ്ച ദുരന്തസ്ഥലം സന്ദർശിച്ച ഇന്തോനേഷ്യൻ പ്രസിഡന്‍റ് ജോകോ വിദോദോ പറഞ്ഞു. സിയാൻജൂറിനെ മറ്റു നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലമടക്കം പുനർനിർമിക്കുമെന്നും വീടിന് കേടുപാടുകൾ സംഭവിച്ചവർക്ക് അഞ്ചുകോടി ഇന്തോനേഷ്യൻ റുപിയ (ഏകദേശം 2.60 ലക്ഷം ഇന്ത്യൻ രൂപ) വരെ സർക്കാർ സഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
സിയാൻജൂറിൽ 1.75 ലക്ഷം പേരാണ് താമസിക്കുന്നത്. ജനങ്ങൾ കൂടുതലും കഴിയുന്നത് ഒന്നോ രണ്ടോ നില കെട്ടിടങ്ങളുള്ള പട്ടണങ്ങളിലും ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളിലെ ചെറിയ വീടുകളിലുമാണ്.
തകർന്ന റോഡുകളും പാലങ്ങളും വൈദ്യുതിതടസ്സവും കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കാൻ സഹായിക്കുന്ന ഉപകരണങ്ങളുടെ കുറവും തുടക്കത്തിൽ രക്ഷാപ്രവർത്തനത്തിന് തടസ്സമായി. ചൊവ്വാഴ്ചയോടെ വൈദ്യുതി വിതരണവും ഫോൺ ആശയവിനിമയവും മെച്ചപ്പെട്ടുതുടങ്ങി.
ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി കരുതുന്ന സിയാൻജൂറിലെ സ്ഥലങ്ങളിലാണ് പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചതെന്ന് പൊതുമരാമത്ത്, ഭവനവകുപ്പ് വക്താവ് എന്ദ്ര ആത്മവിദ്ജ പറഞ്ഞു. ജകാർത്തയിൽനിന്ന് ഭക്ഷണം, ടെന്‍റുകൾ, പുതപ്പുകൾ തുടങ്ങിയവ ചരക്കുട്രക്കുകളിൽ ചൊവ്വാഴ്ച പുലർച്ചെയാണ് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.