ഇതാണ് അത്ഭുതം! ഭക്ഷണവും വെള്ളവുമില്ല, അവശിഷ്ടങ്ങൾക്കിടയിൽ കഴിഞ്ഞത് രണ്ട് ദിവസം; ഭൂകമ്പത്തെ അതിജീവിച്ച് ആറുവയസുകാരൻ
text_fieldsജക്കാർത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപിൽ തിങ്കാളാഴ്ചയുണ്ടായ ഭൂചലനത്തിൽ 271 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പ്രിയപ്പെട്ടവരുടെ വേർപാടിൽ വിറങ്ങലിച്ചുനിൽക്കുകയാണ് ഇന്തോനേഷ്യൻ ജനത. അവശിഷ്ടങ്ങൾക്കിടയിൽ രണ്ടു ദിവസമായി കുടുങ്ങിക്കിടന്ന ആറുവയസുകാരൻ ജീവിതത്തിലേക്ക് തിരിച്ചുവന്ന ആശ്വാസകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ബുധനാഴ്ച വൈകീട്ടാണ് അസ്ക എന്ന ആറുവയസുകാരനെ സന്നദ്ധ പ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തത്.
ഭൂകമ്പത്തിൽ അസ്കയുടെ അമ്മക്കും മുത്തശ്ശിക്കും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. മുത്തശ്ശിയുടെ മൃതദേഹത്തിന് സമീപം കട്ടിലിലിലാണ് കുട്ടിയെ കണ്ടെത്തിയത്. 48മണിക്കൂർ വെള്ളവും ഭക്ഷണവുമില്ലാതെ ഇടുങ്ങിയതും വായുസഞ്ചാരം കുറഞ്ഞതുമായ സ്ഥലത്താണ് ഈ ആറുവയസുകാരൻ കഴിഞ്ഞതെന്ന് അധികൃതർ അറിയിച്ചു.
തകർന്ന വീടിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അസ്കയെ പുറത്തെത്തിച്ചപ്പോൾ തങ്ങൾക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ലെന്ന് സന്നദ്ധ പ്രവർത്തകർ പറയുന്നു. അസ്കയുടെ തിരിച്ചുവരവോടെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഇനിയും ഒരുപാടുപേരെ ജീവനോടെ പുറത്തെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവർത്തകർ.
സിയാൻജൂറിലെ കുഗെനാങ്ങിലാണ് ഭൂകമ്പം തീവ്രനാശം വിതച്ചത്. ഭൂകമ്പത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളാണ്. 1000ലധികം ആളുകൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. അവിശിഷ്ടങ്ങൾക്കിടയിൽ അകപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. അതേസമയം, മഴയും തുടർചലനങ്ങളും രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.