ബിസ്മി ചൊല്ലി പന്നിയിറച്ചി കഴിച്ചു; ഇന്തോനേഷ്യയിൽ ടിക് ടോക് താരത്തിന് രണ്ടുവർഷം തടവ്
text_fieldsജക്കാർത്ത: ഇന്തോനേഷ്യയിൽ ബിസ്മി ചൊല്ലി പന്നിയിറച്ചി കഴിച്ച ടിക് ടോക് താരത്തിന് രണ്ടുവർഷം തടവ്. ലിന മുഖർജി എന്നറിയപ്പെടുന്ന ലിന ലുത്ഫിയാവതിക്കെതിരെയാണ് മതനിന്ദക്ക് നടപടിയെടുത്തത്. സുമാത്ര ദ്വീപിലെ പാലേംബംഗ് ജില്ലാകോടതിയാണ് 33കാരിയായ ടിക് ടോക് താരത്തെ ശിക്ഷിച്ചത്. ഇക്കഴിഞ്ഞ മാർച്ചിൽ ബാലി സന്ദർശനത്തിനിടെ, പന്നിയിറച്ചി കഴിക്കുന്നതിന് മുമ്പ് പ്രാർഥന ചൊല്ലുന്നതിന്റെ വിഡിയോ ടിക് ടോക്കിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
രണ്ടുവർഷം തടവിന് പുറമെ 16, 249.59 ഡോളർ പിഴയും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ മുന്നു മാസം കൂടി തടവ് അനുഭവിക്കണം. ചെയ്തത് തെറ്റാണെങ്കിലും ഇത്രയും കടുത്ത ശിക്ഷ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ലിന മാധ്യമങ്ങളോട് പ്രതികരിച്ചു. ഏറ്റവും കൂടുതൽ മുസ്‍ലിം ജനസംഖ്യയുള്ള ഇന്തോനേഷ്യയിൽ പന്നിമാംസം കഴിക്കുന്നത് അനുവദനീയമല്ല.
കോടതി രേഖകൾ പ്രകാരം ലിന മുഖർജി ഇസ്‍ലാംമത വിശ്വാസിയാണ്. മനപ്പൂർവം ഇസ്‍ലാം മതത്തെ അവഹേളിക്കാനാണ് ലിന ശ്രമിച്ചതെന്നും കോടതി നിരീക്ഷിച്ചു. ഇന്തോനേഷ്യയിൽ മതനിന്ദ നിയമം ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ പ്രയോഗിക്കുന്നുവെന്ന ആരോപണം ശക്തമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.