ഗസ്സയിൽ 100 പള്ളികൾ നിർമിക്കുമെന്ന് ഇന്തോനേഷ്യ
text_fieldsഇസ്രായേൽ തകർത്ത ഗസ്സ ശൈഖ് സായിദ് മസ്ജിദ്
ജക്കാർത്ത: ഇസ്രായേൽ അധിനിവേശ സേന നൂറുകണക്കിന് പള്ളികൾ തകർത്ത ഗസ്സയിൽ 100 പള്ളികൾ നിർമിച്ച് നൽകുമെന്ന് ഇന്തോനേഷ്യ മസ്ജിദ് കൗൺസിൽ. റമദാൻ അടുത്തെത്തിയ സാഹചര്യത്തിൽ ഗസ്സയിലെ ജനങ്ങളുടെ അടിയന്തര ആവശ്യം മുൻനിർത്തിയാണ് മസ്ജിദ് നിർമാണത്തിന് പദ്ധതി തയ്യാറാക്കിയതെന്ന് ഇന്തോനേഷ്യ മസ്ജിദ് കൗൺസിൽ ചെയര്‍മാനും മുൻ ഇന്തോനേഷ്യൻ വൈസ് പ്രസിഡന്റുമായ മുഹമ്മദ് ജുസുഫ് കല്ല പറഞ്ഞു.
“ഗസ്സയിലെ സ്ഥിതിഗതികൾ ഇന്തോനേഷ്യൻ സമൂഹത്തെ അറിയിക്കേണ്ടത് പ്രധാനമാണ്. ഒന്നര വർഷത്തിനുള്ളിൽ ഗസ്സയിലെ 1,000ത്തിലധികം പള്ളികൾ ഇസ്രായേൽ അധിനിവേശ സേന നശിപ്പിച്ചു” -കല്ല വിശദീകരിച്ചു. ആദ്യപടിയായി 10 പള്ളികളുടെ നിർമാണം ഉടൻ പൂർത്തിയാക്കും. ഗസ്സ അധികൃതരുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും നിർമ്മാണ പ്രക്രിയ എങ്ങനെ നടപ്പാക്കണമെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പള്ളി നിർമാണത്തിന് ഇന്തോനേഷ്യയിലെ മുസ്‌ലിംകൾ സംഭാവന നൽകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.