ഫുട്ബാൾ ആരാധകർ തിരക്കിൽപെട്ട് മരിച്ച സ്റ്റേഡിയം പൊളിക്കാൻ ഇന്തോനേഷ്യ
text_fieldsജകാർത്ത: ഫുട്ബാൾ കളിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 131 പേർ മരിച്ച സ്റ്റേഡിയം പൊളിക്കാനുള്ള തീരുമാനവുമായി ഇന്തോനേഷ്യ. മതിയായ സുരക്ഷ സൗകര്യങ്ങളുമായി കൻജുരുഹൻ സ്റ്റേഡിയം പുനർനിർമിക്കുമെന്ന് പ്രസിഡന്റ് ജോകോ വിഡോദോ അറിയിച്ചു. പൂർണമായും 'ഫിഫ' നിർദേശപ്രകാരമാകും പുനർനിർമാണം. കളി നിയന്ത്രിക്കുന്ന രീതി രാജ്യത്ത് അടിമുടി മാറേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2023ലെ അണ്ടർ20 ലോകകപ്പ് ഫുട്ബാളിന് ആതിഥ്യമേകാൻ ഒരുങ്ങുകയാണ് ഇന്തോനേഷ്യ.
ഈ മാസം ഒന്നിനാണ് ലോകത്തെ ഞെട്ടിച്ച ദുരന്തത്തിന് ഇന്തോനേഷ്യ സ്റ്റേഡിയം സാക്ഷിയായത്. കാണികൾ സ്റ്റേഡിയം വിടാനൊരുങ്ങവേയാണ് തിക്കും തിരക്കുമുണ്ടായത്. ജനങ്ങളെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ കണ്ണീർവാതക പ്രയോഗമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് കഴിഞ്ഞയാഴ്ച പുറത്തുവിട്ട അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. കളി കാണാനെത്തുന്നവർക്കുനേരെയുള്ള കണ്ണീർവാതക പ്രയോഗം 'ഫിഫ' നിരോധിച്ചതാണ്. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ആറുപേർക്കെതിരെ ക്രിമിനൽ കുറ്റംചുമത്തിയിട്ടുണ്ട്.
സ്റ്റേഡിയത്തിൽ കൊള്ളാവുന്നതിലധികം പേർക്ക് അനുമതി നൽകി, പുറത്തേക്കുള്ള വഴി അടച്ചു, ടെലിവിഷൻ റേറ്റിങ് കൂട്ടാനായി കളി രാത്രിയിലാക്കി തുടങ്ങി മറ്റു നിരവധി ആരോപണങ്ങളും അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.