മുങ്ങിക്കപ്പൽ ശരിക്കും മുങ്ങി; 53 നാവികരെ കാണാതായി
text_fields
ജക്കാർത്ത: പരീശീലനത്തിൽ പങ്കെടുക്കുകയായിരുന്ന അന്തർവാഹിനി കാണാതായി. 53 നാവികരുമായി പോയ ഇന്തോനേഷ്യയുടെ കെ.ആർ.ഐ നംഗാല 402 ആണ് ബാലിയിൽനിന്ന് 95 കിലോമീറ്റർ അകലെ ആഴക്കടലിൽ അപ്രത്യക്ഷമായത്. മുങ്ങിക്കപ്പൽ അവസാനമായി റിപ്പോർട്ട് ചെയ്യേണ്ട സമയത്ത് പ്രതികരണമില്ലാതെ വന്നതോടെയാണ് ശരിക്കും മുങ്ങിയതായി ആശങ്ക ഉയർന്നത്.
ഹൈഡ്രോളിക് സർവേ കപ്പൽ ഉൾപെടെ നിരവധി കപ്പലുകൾ ചേർന്ന് സ്ഥലത്ത് പരിശോധന തുടരുകയാണ്. അയൽ രാജ്യങ്ങളായ സിംഗപ്പൂർ, ആസ്ട്രേലിയ എന്നിവയുടെ സഹായവും തേടിയിട്ടുണ്ട്.
ഡൈവിങ്ങിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് താഴോട്ടുപതിച്ചതാകാമെന്നാണ് കരുതുന്നത്. വീണ്ടും പൊങ്ങിവരാൻ സഹായിക്കേണ്ട അടിയന്തര നടപടികൾ പരാജയപ്പെടുകയും ചെയ്തതാകാം. മുങ്ങിയ ഭാഗത്ത് 600- 700 മീറ്റർ താഴ്ചയാണ് പ്രതീക്ഷിക്കുന്നത്.
ഈ അന്തർവാഹിനിക്ക് ജലോപരിതലത്തിൽനിന്ന് പരമാവധി 250 മീറ്റർ താഴ്ചയിൽ സഞ്ചരിക്കാൻ മാത്രമേ ശേഷിയുള്ളൂവെന്ന് വിദഗ്ധർ പറയുന്നു. 700 മീറ്റർ താഴ്ചയിലെത്തിയാൽ ഇത് പൊട്ടിപ്പിളരാൻ സാധ്യതയേറെ.
താഴോട്ടുപോകാൻ അനുമതി നൽകിയതായും പിന്നീട് ബന്ധം നഷ്ടപ്പെട്ടതായും ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഹെലികോപ്റ്റർ പരിശോധനയിൽ പരിസരത്ത് എണ്ണച്ചോർച്ചയും കണ്ടെത്തി.
ജർമനിയിൽ നിർമിച്ച അന്തർവാഹിനി 1981 മുതൽ ഇന്തോനേഷ്യ ഉപയോഗിച്ചുവരുന്നുണ്ട്. മിസൈൽ വിക്ഷേപണ പരിശീലനമാണ് അവസാനമായി നടത്തിയിരുന്നത്. 17,000 ദ്വീപുകളുള്ള രാജ്യത്ത് അഞ്ച് അന്തർവാഹിനികളാണുള്ളത്. ആദ്യം എത്തിയ ശേഷം പലവട്ടം നവീകരണം പൂർത്തിയാക്കിയ അന്തർവാഹിനിയുടെ അതേ മോഡൽ പല രാജ്യങ്ങളിലും നാവിക സേന ഉപയോഗിച്ചുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.