ഇന്തോനേഷ്യൻ വിമാനം കടലിൽ തകർന്നു വീണു; അവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്
text_fieldsജകാർത്ത: ഇന്തോനേഷ്യയിൽനിന്ന് 62 പേരുമായി പറന്നുയർന്നതിന് പിന്നാലെ അപ്രത്യക്ഷമായ യാത്രാവിമാനം കടലിൽ തകർന്നുവീണതായി റിപ്പോർട്ട്. ശ്രീവിജയ എയറിെൻറ ബോയിങ് 737-500 (എസ്.ജെ182) ആഭ്യന്തര വിമാനമാണ് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ റഡാറിൽനിന്ന് അപ്രത്യക്ഷമായത്. വിമാനാവശിഷ്ടങ്ങൾ മാലദ്വീപിന് സമീപം മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയതായാണ് റിപ്പോർട്ട്. വിമാനത്തിലുണ്ടായിരുന്നവരെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല.
തലസ്ഥാനമായ ജകാർത്തയിലെ സുകാര്‍ണോ ഹട്ടാ വിമാനത്താവളത്തില്‍നിന്ന് ശനിയാഴ്ച ഉച്ചക്ക് 2.30നാണ് വിമാനം ബോർണോ ദ്വീപിലെ പടിഞ്ഞാറൻ കലിമന്താൻ പ്രവിശ്യ തലസ്ഥാനമായ പോണ്ടിയാനയിലേക്ക് പറന്നത്. കനത്ത മഴയുള്ളതിനാൽ അര മണിക്കൂർ വൈകി ടേക്ക് ഓഫ് ചെയ്ത വിമാനവുമായുള്ള ബന്ധം 2.40നാണ് നഷ്ടപ്പെട്ടതെന്ന് ഇന്തോനേഷ്യൻ ഗതാഗത മന്ത്രി ബുദി കര്യ സുമതി പറഞ്ഞു. അഞ്ചു കുട്ടികളും ഒരു നവജാത ശിശുവും ഉൾപ്പെടെ 50 യാത്രക്കാരും 12 ജീവനക്കാരുമാണുണ്ടായിരുന്നത്. 3000 മീറ്റർ ഉയരത്തിൽനിന്ന് നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം നാലു മിനിറ്റോളം കുത്തനെ താഴേക്കു പറന്നതായാണ് ഫ്ലൈറ്റ് ട്രാക്കിങ് ഡേറ്റകൾ നൽകുന്ന വിവരം. 27 വർഷം പഴക്കമുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്.
അതേസമയം, വിമാനാവശിഷ്ടങ്ങൾ മാലദ്വീപിന് സമീപം മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയതായി ഇന്തോനേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവ പരിശോധിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു. മത്സ്യത്തൊഴിലാളികൾ ഉണ്ടായിരുന്നതിന് 30 മീറ്റർ അകലെ വലിയൊരു പൊട്ടിത്തെറി ശബ്ദം കേട്ടിരുന്നു. കനത്ത മഴയും മോശം കാലാവസ്ഥയും കാരണം ഒന്നും കാണാൻ കഴിഞ്ഞില്ല. അവശിഷ്ടങ്ങൾ കിട്ടിയ സ്ഥലത്ത് വിമാന ഇന്ധനം പരന്നതായി തൊഴിലാളികൾ പറഞ്ഞു. ഇക്കാര്യവും പരിശോധിച്ചു വരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.