കടംകയറിയപ്പോൾ കടുംകൈ ചെയ്ത് യുവതി; മരിച്ചെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് കടക്കാരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം
text_fieldsകടം കയറിയാൽ അതിൽനിന്ന് രക്ഷപ്പെടാൻ പലതരം നമ്പരുകൾ ആളുകൾ ഇറക്കാറുണ്ട്. മോഷണം, കൊലപാതകം, ആത്മഹത്യ, ഒളിച്ചോടൽ അതിൽച്ചിലതാണ്. എന്നാലിവിടെ ഒരു ഇന്തോനേഷ്യൻ യുവതി ചെയ്തത് ഇതുവരെ നാളിതുവരെ ആരും പരീക്ഷിക്കാത്ത കാര്യമാണ്. കടം വാങ്ങിയ പണം തിരികെ കൊടുക്കാതിരിക്കാൻ സ്വന്തം മരണവാർത്ത വ്യാജമായി ചമച്ച യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.
ഇന്തോനേഷ്യയിലെ മെഡാൻ സ്വദേശിയായ ലിസ ഗിവി എന്ന യുവതിയാണ് അതിബുദ്ധി കാണിച്ച് കുടുങ്ങിയത്. മരണം വ്യാജമായി ചമച്ച ഇവർ തെളിവായി സ്വയം ശവമായി ചിത്രീകരിച്ച് ഫേസ്ബുക്കിൽ അപ്‌ലോഡും ചെയ്തു. സ്വന്തം മകളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചുകൊണ്ടാണ് ഗിവി തന്റെ മരണം വ്യാജമായി ചിത്രീകരിച്ചത്.
ഗൂഗിളിൽ നിന്ന് എടുത്ത സ്ട്രക്ചർ പടവും ഒപ്പം മൂക്കിൽ പഞ്ഞി തിരുകി മൃതദേഹത്തിന് സമാനമായി കിടക്കുന്ന തന്റെ ചിത്രവുമാണ് ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്തത്. വീടിനടുത്തുള്ള പാലത്തിൽ വച്ചുണ്ടായ അപകടത്തിൽ മരിച്ചുവെന്നും മൃതദേഹം ആഷെയിൽ സംസ്കരിക്കും എന്നുമാണ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.
മായ ഗുണവൻ എന്ന സ്ത്രീയിൽ നിന്നാണ് ഇവർ മുപ്പതിനായിരം ഇന്തോനേഷ്യൻ റുഫിയ കടമായി വാങ്ങിയിരുന്നത്. നിരവധി തവണ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ഇവർ ഒഴിഞ്ഞു മാറുകയായിരുന്നു. പിന്നീട് നവംബർ 20 -ന് തീർച്ചയായും പണം തിരികെ നൽകുമെന്ന് ഗിവി, മായാ ഗുണവന് ഉറപ്പുനൽകിയിരുന്നു. എന്നാൽ, അന്നും ഇവർ വാക്കു പാലിച്ചില്ല എന്ന് മാത്രമല്ല ഡിസംബർ 6 വരെ വീണ്ടും അവധി നീട്ടി വാങ്ങി. സമയപരിധി കഴിഞ്ഞിട്ടും ഗീവി കടം വീട്ടിയില്ല.
അതിനുശേഷം ആണ് ഫേസ്ബുക്കിൽ ഇവർ തൻറെ മരണം അറിയിച്ചുകൊണ്ടുള്ള വ്യാജവാർത്ത പോസ്റ്റ് ചെയ്തത്. എന്നാൽ തൻറെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് അമ്മ തന്നെയാണ് ഈ വാർത്ത പോസ്റ്റ് ചെയ്തതെന്നും അമ്മയുടെ പ്രവൃത്തിയിൽ വേദനിച്ചവരോട് മാപ്പ് ചോദിക്കുന്നു എന്നും അപേക്ഷിച്ചുകൊണ്ട് ഒടുവിൽ ഇവരുടെ മകൾ നജ്‍വ തന്നെ രംഗത്ത് വരികയായിരുന്നു. ഇതോടെയാണ് ഇവരുടെ കള്ളക്കളി പൊളിഞ്ഞത്. യുവതിയുടെ നാടകം സമൂഹമാധ്യമങ്ങളിൽ വൈറലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.