ഇറാനിലെ എവിൻ ജയിലിൽ തീപിടിത്തം; സ്ഫോടനവും വെടിവെപ്പും നടന്നതായി റിപ്പോർട്ട്
text_fieldsതെഹ്റാൻ: ഇറാൻ തലസ്ഥാനമായ തെഹ്റാനിലെ കുപ്രസിദ്ധ എവിൻ ജയിലിൽ തീപിടിത്തം. ജയിലിൽ നിന്ന് സ്ഫോടന ശബ്ദവും വെടിയൊച്ചയും സൈറണും കേട്ടതായി പ്രാദേശിക മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തു. ജയിലിൽ നിന്ന് തീയും പുകയും ഉയരുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
രാഷ്ട്രീയ തടവുകാരെ പ്രാഥമികമായി പാർപ്പിക്കുന്ന തടവറയാണിത്. എന്നാൽ, സ്ഥിതി നിയന്ത്രണവിധേയമാണെന്ന് സ്റ്റേറ്റ് മീഡിയയെ ഉദ്ധരിച്ച് ഒരു ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
ഹിജാബ് ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത ഖുർദിഷ്-ഇറാൻ വംശജയായ മഹ്സ അമീനിയെന്ന 22കാരി മരിച്ചതിനെ തുടർന്ന് രാജ്യത്ത് ആരംഭിച്ച പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. പ്രതിഷേധത്തിൽ പങ്കെടുത്ത് അറസ്റ്റിലായ നൂറുലധികം പേരെ എവിൻ ജയിലിലാണ് പാർപ്പിച്ചിട്ടുള്ളത്. എന്നാൽ, രാജ്യത്തെ പ്രതിഷേധവും ജയിലിലെ തീപിടിത്തവും തമ്മിൽ ബന്ധമുണ്ടോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
'സ്വേച്ഛാധിപതിക്ക് മരണം' എന്ന മുദ്രാവാക്യം ജയിലിന് പുറത്ത് നിന്ന് കേൾക്കുന്നത് സർക്കാർ വിരുദ്ധ നിരീക്ഷണ ഗ്രൂപ്പായ 1500 തസ് വീർ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിലുണ്ട്. സർക്കാർ വിരുദ്ധ പ്രതിഷേധ പ്രസ്ഥാനത്തിന്റെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.