മകനിൽ നിന്ന് ജലദോഷം പകർന്നു; 20 വർഷത്തെ ഓർമ നഷ്ടപ്പെട്ട് അമ്മ
text_fields'ജലദോഷം വന്നതിന് പിന്നാലെ 20 വർഷത്തെ ഓർമകൾ പൂർണ്ണമായും ഇല്ലാതായി. വിവാഹം, കുട്ടികൾ, കുടുംബവുമൊന്നിച്ചുള്ള യാത്രകൾ ഇതിനെക്കുറിച്ചൊന്നും ഓർത്തെടുക്കാനാവുന്നില്ല' -43കാരിയും, ഇംഗ്ലണ്ടിലെ എസ്സെക്സിലെ ബ്രയിൽസ്ട്രീ സ്വദേശിയുമായ ക്ലെയർ മഫെറ്റിനുണ്ടായത് അപൂർവമായ അനുഭവമാണിത്. മെട്രോ, കോസ്മോപൊളിറ്റൻ എന്നിവയുൾപ്പെടെ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ സ്വതന്ത്രയായി പ്രവർത്തിച്ച മാധ്യമപ്രവർത്തകയാണ് ക്ലെയർ.
ജലദോഷം ബാധിച്ച് അവശയായി ഉറക്കത്തിലേക്ക് നീങ്ങിയ ക്ലെയർ പിന്നീട് ഉണർന്നത് 16 ദിവസത്തിന് ശേഷമാണ്. മകനിൽ നിന്നാണ് ക്ലെയറിന് ജലദോഷം പകരുന്നത്. ലോക എൻസെഫലൈറ്റിസ് ദിനത്തോടനുബന്ധിച്ച് സ്റ്റെഫീസ് പാക്ക്ഡ് ലഞ്ച് എന്ന പരിപാടിയിലാണ് ഇരുണ്ട 16 ദിവസങ്ങളെ കുറിച്ചുള്ള അനുഭവങ്ങൾ ക്ലെയർ പങ്കുവെക്കുന്നത്.
അണുബാധയോ, അലർജിയോ മൂലം തലച്ചോറിന് വീക്കം ഉണ്ടാകുന്ന എൻസെഫലൈറ്റിസ് എന്ന രോഗമാണ് ക്ലെയറിന്‍റെ 20 വർഷം നീണ്ട ഓർമകൾ ഇല്ലാതാക്കിയത്. പ്രാഥമിക പരിശോധനയിൽ തലച്ചോറിലുണ്ടായ രക്തസ്രാവമാണ് കാരണമെന്നായിരുന്നു നിഗമനം. പിന്നീട് നടത്തിയ വിദഗ്ധ പരിശോധനയിലാണ് എൻസെഫലൈറ്റിസിന്‍റെ സാധ്യത ഡോക്ടർമാർ മനസ്സിലാക്കിയത്. ചെറിയ പനി, തലവേദന പോലുള്ള നേരിയ ലക്ഷണങ്ങളാണ് പലപ്പോഴും എൻസെഫലൈറ്റിസിന് ഉണ്ടാകുക. ചിലപ്പോൾ രോഗലക്ഷണങ്ങൾ കഠിനമാകാം, ചിലപ്പോൾ ഉണ്ടാകണമെന്നുമില്ല. ആശയക്കുഴപ്പം നിറഞ്ഞ ചിന്തകൾ, അപസ്മാരം, അല്ലെങ്കിൽ ചലനം, കാഴ്ച, കേൾവി തുടങ്ങിയ ഇന്ദ്രിയങ്ങളുടെ പ്രവർത്തനങ്ങളിൽ തകരാറുകൾ എന്നിവയും എൻസെഫലൈറ്റിസ് ഉണ്ടാക്കാം.
2021ലാണ് ക്ലെയറിന് രോഗം ബാധിച്ചത്. രണ്ടാഴ്ച്ചയോളം ജലദോഷം നീണ്ടുനിന്നു. ക്രമേണ ആരോഗ്യ സ്ഥിതി മോശമായി തുടങ്ങിയതോടെയാണ് ക്ലെയർ വിദഗ്ധ ചികിത്സക്ക് ആശുപത്രിയിലെത്തുന്നത്. തുടർന്ന് 16 ദിവസം വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ക്ലെയറിന്‍റെ ജീവൻ പിടിച്ചു നിർത്തിയതെന്ന് ഭർത്താവ് സ്കോട്ട് പറയുന്നു. മക്കൾ ഉണ്ടെന്നത് ഓർമയിലുണ്ടെങ്കിലും അവർ എങ്ങനെ, എന്ന് ജനിച്ചു എന്നത് സംബന്ധിച്ച ഓർമയില്ലെന്ന് ക്ലെയർ പറയുന്നു. സ്കോട്ട് തന്നെ വിവാഹം ചെയ്തതെന്നാണെന്നോ, ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളോ, അനുഭവങ്ങളോ ഏതാണെന്നോ ഓർത്തെടുക്കാൻ പ്രയാസപ്പെടുന്നതായും ക്ലെയർ പറയുന്നു.
കഴിഞ്ഞുപോയ ദുരനുഭവങ്ങളെ മാറ്റിനിർത്തി തിരികെ മാധ്യമപ്രവർത്തനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ക്ലെയർ. നഷ്ടപ്പെട്ടു പോയ ഓർമകളെല്ലാം ഒരുനാൾ തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും ക്ലെയർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.