ഫൈസർ വാക്സിനെടുത്തവരിൽ ഹൃദയപേശികൾക്ക് വീക്കം; പരിശോധിക്കാൻ ഇസ്രായേൽ
text_fieldsഫൈസറും ബയോൻടെകും ചേർന്ന് വികസിപ്പിച്ച കൊറോണ വൈറസ് വാക്സിൻ എടുത്തവരിൽ കാണുന്ന ഹൃദയപേശികളിലെ വീക്കം ഇസ്രായേൽ പരിശോധിക്കുന്നു. അഞ്ച് ദശലക്ഷത്തിലധികം ആളുകൾക്കാണ് ഇസ്രായേലിൽ ഫൈസർ വക്സിൻ നൽകിയത്.
ഹൃദയപേശികളിലോ കോശങ്ങളിലോ വീക്കം വന്നതായുള്ള 62 സംഭവങ്ങൾ സർക്കാർ തിരിച്ചറിഞ്ഞതായി ചാനൽ 12 കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. വാക്സിൻ എടുത്ത മറ്റുള്ളവരിൽ സമാന പ്രശ്നമുണ്ടോയെന്ന് ആരോഗ്യ പ്രവർത്തകർ പരിശോധിക്കുന്നുണ്ടെന്ന് കൊറോണ കമീഷണർ നാച്ച്മാൻ ആഷ് റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വാക്സിനെടുത്ത ഒരു ലക്ഷത്തിൽ ഒരാൾക്ക് വീതമാണ് ഇൗ പ്രശ്നം കണ്ടെത്തിയത്. എന്നാൽ, 18 മുതൽ 30 വയസ്സ് വരെയുള്ള യുവാക്കളിൽ 20,000 പേരിൽ ഒരാൾക്ക് എന്ന നിലയിൽ പ്രശ്നം കാണുന്നുണ്ട്.
62 കേസുകൾ കണ്ടെത്തിയതിൽ രണ്ടുപേർ മരിച്ചു. ബാക്കിയുള്ളവർ സുഖം പ്രാപിച്ചു. അതേസമയം, മരണനിരക്ക് ഉയരുന്നതായോ ഹൃദയപേശികളിലെ വീക്കം വർധിക്കുന്നതായോ പഠനം വ്യക്തമാക്കുന്നില്ലെന്ന് നാച്ച്മാൻ ആഷ് പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തിൽ വാക്സിനുകൾ ഏറെ പ്രയോജനം ചെയ്യുന്നുണ്ട്. ഏതാനും ഹൃദയവീക്ക കേസുകളും വാക്സിനും തമ്മിൽ ബന്ധം കണ്ടെത്തിയാലും വാക്സിൻ ഒഴിവാക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും ആഷ് അഭിമുഖത്തിൽ പറഞ്ഞു. വിവരങ്ങൾ ഫൈസറിനെ ഇസ്രായേൽ അറിയിച്ചിട്ടുണ്ട്.
ഹൃദയപേശികളുടെ വീക്കവുമായി ബന്ധപ്പെട്ട കേസുകളെക്കുറിച്ച് മനസ്സിലാക്കിയിട്ടുണ്ടെന്ന് ഫൈസർ കമ്പനി അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. 'സാധാരണ ജനങ്ങളിൽ കാണുന്നത്ര രീതിയിൽ ഹൃദയപേശികളിലെ വീക്കത്തിെൻറ നിരക്ക് കണ്ടെത്താനായിട്ടില്ല. കൂടാതെ വാക്സിനുമായുള്ള ഇതിെൻറ ബന്ധവും സ്ഥിരീകരിച്ചിട്ടില്ല ^ഫൈസർ അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.