വിമാനത്തിനുള്ളിൽ നൂറുകണക്കിനാളുകൾ; കാബൂളിൽ നിന്ന് ഞെട്ടിക്കുന്ന ദൃശ്യം
text_fieldsകാബൂൾ: താലിബാൻ അധികാരം പിടിച്ചടക്കിയതോടെ അനിശ്ചിതത്വത്തിലായ അഫ്ഗാനിസ്താനിൽ നിന്ന് പലായനം തുടരുന്നു. വിവിധ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെയും നയതന്ത്രജ്ഞരെയും തിരികെയെത്തിക്കുകയാണ്. അതിനിടെ, നൂറുകണക്കിനാളുകൾ തിങ്ങിനിറഞ്ഞ യു.എസ് സൈനിക വിമാനത്തിന്‍റെ ചിത്രം അഫ്ഗാനിസ്താനിലെ ദാരുണാവസ്ഥയുടെ പ്രതിഫലനമായി.
കാബൂളിൽ നിന്നുള്ള യു.എസ് സൈന്യത്തിന്‍റെ സി-17 ഗ്ലോബ്മാസ്റ്റർ 3 കാർഗോ വിമാനത്തിലാണ് അഫ്ഗാനിസ്താനിൽ നിന്ന് പുറത്തുകടക്കാനുള്ളവർ തിങ്ങിനിറഞ്ഞത്. പ്രതിരോധ വെബ്സൈറ്റായ ഡിഫൻസ് വൺ ആണ് ചിത്രം പുറത്തുവിട്ടത്. കൂടുതൽ പേരെ ഉൾക്കൊള്ളാൻ പ്രാപ്തമായ വിമാനമാണെങ്കിലും സി-17 ഇത്രയധികം ആളുകളെ വഹിക്കുന്നത് ആദ്യമായാണെന്ന് ഡിഫൻസ് വൺ റിപ്പോർട്ട് ചെയ്യുന്നു.
(ഡിഫൻസ് വൺ പുറത്തുവിട്ട ചിത്രം)
കാബൂൾ വിമാനത്താവളത്തിലെ അനിശ്ചിതാവസ്ഥക്കും തിരക്കിനും ഇടയിലാണ് നൂറുകണക്കിനാളുകൾ വിമാനത്തിൽ സ്ഥലംപിടിച്ചത്. ഇവരെ ബലംപ്രയോഗിച്ച് ഇറക്കിവിടുന്നതിന് പകരം പറക്കാനുള്ള തീരുമാനമായിരുന്നു വിമാന അധികൃതർ കൈക്കൊണ്ടത്. 640 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് പ്രതിരോധ വൃത്തങ്ങൾ പിന്നീട് വ്യക്തമാക്കി. ഇവരെ ഖത്തർ തലസ്ഥാനമായ ദോഹയിലേക്കാണ് കൊണ്ടുപോയത്.
ആയിരങ്ങളാണ് താലിബാൻ നിയന്ത്രണമുറപ്പിച്ച അഫ്ഗാനിൽ നിന്ന് പലായനം തുടരുന്നത്. കാബൂൾ വിമാനത്താവളത്തിൽ ജനം തിങ്ങിനിറഞ്ഞതോടെ യു.എസ് സൈന്യം വെടിയുതിർത്തിരുന്നു. യു.എസാണ് വിമാനത്താവളം നിയന്ത്രിക്കുന്നത്.
നേരത്തെ, സൈനിക വിമാനത്തിന്‍റെ ചക്രത്തോട് ശരീരം ബന്ധിച്ച് പുറത്തുകടക്കാൻ ശ്രമിച്ച രണ്ട് പേർ വീണ് മരിച്ചിരുന്നു. ഇതുകൂടാതെ, ആകെ ഏഴ് പേർ വിമാനത്താവളത്തിൽ കൊല്ലപ്പെട്ടതായാണ് യു.എസ് സൈന്യം അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.